Monday, May 5, 2008

ആരാടാ അവിടെ ഭക്ഷണം കഴിക്കുന്നത്‌

ഡേയ്‌ തങ്കൂസ്‌.. ഇറങ്ങിവാടെ ..എന്തെടുക്കുവാ വീട്ടീ കുത്തിയിരുന്ന് ??

എന്താണ്ണാ ഉച്ചക്ക് ചോറുണ്ണാ‍ന്‍ സമ്മതിക്കില്ലെ..

ഓഹൊ നീ ചോറുണ്ണുവാന്നൊ? ഇതെന്താടെ രാവിലെയൊന്നും കഴിച്ചില്ലെ എന്താ ഇത്ര ആക്രാന്തം.

രാവിലെ പഴങ്കഞ്ഞി കുടിച്ചു, ഇപ്പൊ ചോറുണ്ണുന്നു ഇനി രാത്രീലല്ലെ ഊണുകഴിക്കാന്‍ പറ്റൂ അണ്ണാ....

ആ നീയൊക്കെ മൂന്നുനേരൊം അരിഭക്ഷണൊം കഴിച്ചോണ്ടിരുന്നൊ ,വെറുതെയല്ല ആ ബുഷണ്ണന്‍ പറയുന്നത് നിന്നെപ്പോലെയുള്ള ദരിദ്രവാസി ഇന്‍ഡ്യക്കാരാ ഭക്ഷ്യക്ഷാമത്തിനു കാരണമെന്ന്.

അതെന്താ ബുഷണ്ണന്‍ അങ്ങനെ പറഞ്ഞത്... നമ്മളയാടെ നാട്ടീന്ന് ഭക്ഷണം എറക്കുമതി ചെയ്ത് കഴിച്ചിട്ടൊന്നുമില്ലല്ലൊ..

എടാ .. അതെ ,ഈ ബുഷണ്ണന്‍ കൊറെ കാശു ചെലവാക്കിച്ക് അഫ്ഗാനിസ്ഥാനിലും, ഇറാഖിലും ഒക്കെ യുദ്ധം നടത്തി, അവിടുത്തുകാരടെ വെള്ളംകുടി മുട്ടിച്ചു. എന്നിട്ടെന്തായി കക്ഷത്തിരുന്നത് പോവെം ചെയ്തു ഉത്തരത്തേലിരുന്നത് കിട്ടീമില്ല എന്ന അവസ്ഥേലായി . ഇറാനാണേല്‍ ഒടുക്കത്തെ കലിപ്പിലും.
ഇനി ആരെയേലുമൊന്ന് ചൊറിയണ്ടേ.. അതിനു നോക്കിയപ്പൊ ,ഇന്‍ഡ്യക്കാരനും ചൈനക്കാരനുമൊക്കെ ശാ‍പ്പാടുമടിച്ച് ഒരു ടെന്‍ഷനുമില്ലാതെ ചുമ്മാ സമ്പത്തികമേഖലയെ പിടിച്ച് മേലോട്ട് പൊക്കിവിട്ടോണ്ടിരിക്കുന്നു..
അന്നാപ്പിന്നെ അടുത്തങ്കം ഇവിടുത്തവന്മാരുടെ നെഞ്ചത്താകട്ടേന്ന് കരുതിക്കാണും..

അപ്പൊ അങ്ങേര് അവിടത്തെ ഇന്‍ഡ്യക്കാരെയൊന്നും പറഞ്ഞില്ലെ ..പ്രത്യേകിച്ച് മലയാളികളെ അവരവിടെക്കെടന്ന് മൂന്നുനേരം കുത്തരീടെ ചോറും പിന്നെ ദോശ, ഇഡ്ഡലി,അപ്പം, പുട്ട് ,കൊഴുക്കട്ട തുടങ്ങിയ പോഷകാഹാരങ്ങളും ഉണ്ടാക്കിക്കഴിക്കുന്നോണ്ടാണ് അമേരിക്കേല് അരിക്ക് ക്ഷാമം എന്നൊക്കെവേണേലും പറയാരുന്നു.

ഭാഗ്യത്തിനങ്ങനൊന്നും അങ്ങേരു പറഞ്ഞില്ല.... പക്ഷെ ഇന്‍ഡ്യക്കാരനും ചൈനക്കാരനും കൂടെച്ചേര്‍ന്നാണ് ഈ ലോകത്തൊള്ള ഭക്ഷണം മൊത്തം തിന്നുതീര്‍ക്കുന്നത് എന്നു പറഞ്ഞു.

ഇതും പറഞ്ഞങ്ങേരിനി ഇറാഖില്‍ ആണവായുധം തേടിപ്പോയമാതിരി ഇങ്ങോട്ടെങ്ങാണും വരുവൊ?
ഇവിടെ കരിഞ്ചന്തേല് അരി പൂഴ്ത്തിവെച്ചിട്ടൊണ്ട് അത് കണ്ടുപിടിക്കാനെന്നെങ്ങാനും പറഞ്ഞോണ്ട് !

ചിലപ്പോ അങ്ങനെം സംഭവിക്കാം .. ഒന്നും പറയാന്‍ പറ്റുകേല.

ഇവിടെവന്നു ഇവിടുത്തെ കരിഞ്ചന്തയെല്ലാം അങ്ങേരു പിടിച്ചെടുക്കുവോ അണ്ണാ? ഇവിടത്തെപ്പാടങ്ങളിലൊക്കെ ലങ്ങേര് കൃഷിയെറക്കുവൊ?

ഹി ഹി പോടെ പോടെ !!! കൃഷിയെറക്കുവേയുള്ളൂ ആര് കൊയ്യും ??
ഈ ബുഷല്ല ഇവന്റെ തന്തബുഷ് വന്നാലും നമ്മടെ കൊയ്ത്തുകാര് കൂലി കുറക്കുവൊ? അതിയാനാരെ വച്ച് കൊയ്യിക്കും..

പട്ടാളത്തില്‍ ചേര്‍ന്നകാലം തൊട്ട് വീട്ടീപ്പോലും പോകാതെ യുദ്ധം ചെയ്തു നടക്കുന്ന അമേരിക്കന്‍ പട്ടാളപ്പയ്യന്മാര്‍ക്ക് കൊയ്യാനറിയുമൊ?

ഇവന്മാര്‍ക്കൊല്ലെ നല്ല മെതിക്ക കിട്ടാത്തേന്റെ സൂക്കെടാണ്. നമ്മടെ നാട്ടില്‍ ഒരു നേരം പോലും നേരെചൊവ്വെ ഭക്ഷണം കഴിക്കാന്‍ വകയില്ലാത്ത എത്രയൊ ആള്‍ക്കാരുണ്ടണ്ണാ.അവരും കൂടെ ഒരു നേരം ഭക്ഷണം കഴിക്കാന്‍ തുടങ്ങിയാപ്പിന്നെ ഇവിടെ ഭക്ഷണമേ കാണില്ലല്ലൊ?
അരിയില്ലേന്നു പറഞ്ഞ് വെഷമിക്കാതെ എവന്മാര്‍ക്കൊക്കെ നമ്മടെ അതിയാന്‍ പറഞ്ഞമാതിരി വല്ല മുട്ടയൊ മറ്റൊ കഴിച്ചു ജീവിച്ചു കൂടെ?

യെവന്മാരെവിടാടെ അരി കഴിക്കുന്നെ! ബര്‍ഗ്ഗറും ,ചോളോം ,ടിന്‍ഫുഡും ഒക്കെ കഴിച്ച് പേപ്പറുകൊണ്ട് മൂടും തുടച്ചുനടക്കുന്ന എവന്മാര്‍ക്ക് നമ്മളു വല്ലതും കഴിച്ച് ജീവിക്കുന്നത് കണ്ടിട്ട് സഹിക്കാന്‍ പറ്റുന്നില്ല.
ലോകത്തേറ്റവും കൂടുതല്‍ ഭക്ഷണം വേസ്റ്റാക്കുന്നത് അമേരിക്കക്കാരാണെന്നാണ് ആളുകള്‍ പറയുന്നത്. അതിനെക്കുറിച്ച് പലരും ഇവിടേം , ഇവിടേം പിന്നെ ദേ ഇവിടേം പറഞ്ഞിട്ടൊണ്ട്. വായീര്................

നമ്മടെ പ്രതിരോധമന്ത്രി ഇതിനെതിരെ എന്തൊ ഒരുകൂട്ടം പറഞ്ഞിട്ടുമുണ്ട്..
ആ .... എന്താ സംഭവമെന്ന് കാത്തിരുന്ന് കാണാം....
എന്തായാലും അടുത്ത തിരഞ്ഞെടുപ്പോടെ ബുഷ് വെറും ബുശ്ശ്ശ്ശ്.... ആകുമെന്നാണ് എല്ലാരും കരുതുന്നത്. അപ്പൊപ്പിന്നെ അല്പം പെടപ്പൊക്കെ ആകാം.


ഇനി നമ്മളു മലയാളികള്‍ക്ക് തിന്നാന്‍ വേണ്ടി അരി കയറ്റിയയച്ച് കയറ്റിയയച്ചാണ് ഞങ്ങടെ നാട്ടില്‍ ഭക്ഷ്യക്ഷാമം ഉണ്ടായതെന്ന് രാജശേഖര റെഡ്ഡീം കരുണാനിധീം ഒക്കെ എന്നാണാവോ പറയുന്നത്?