Monday, October 26, 2009

പഴശ്ശിരാജ:ഒരു വ്യാജ സീഡി പ്രേക്ഷകന്റെ റിവ്യൂ !
ഇതിപ്പൊ റിവ്യൂന്റെ കാലമാണല്ലൊ. പഴശ്ശിരാജയുടെ റിവ്യൂകള്‍ വളരെയധികം വന്നു. അതെല്ലാം വായിച്ചു.
വായിച്ച് വായിച്ച് എനിക്കുമതിനെക്കുറിച്ചൊരു റിവ്യൂ എഴുതണമെന്ന് ആഗ്രഹം മൂത്തു. പടമാണെങ്കില്‍ കണ്ടതുമില്ല. പടം കാണാതെയും റിവ്യൂ എഴുതാമെന്നാണ് വടക്കേലെ ചങ്കരന്‍ പറയുന്നത്. തെങ്ങു കയറി നടക്കുന്ന അവനിതൊക്കെ എങ്ങനറിയുന്നു. അവന്റെയൊക്കെയൊരു സമയം. താഴെ നിന്നു തേങ്ങ പറിക്കുന്ന യന്ത്രം നമ്മടെ പിള്ളാരൊന്നു കണ്ടുപിടിച്ചോട്ടെ, ഇവനൊക്കെ കുത്തിയിരുന്നു വക്കെണ്ണും.

ആ അതുപോട്ടെ നമക്കു റിവ്യുവിലേക്ക് തിരിച്ചുവരാം.റിവ്യു എഴുതണമെങ്കില്‍ സിനിമ കാണണം,പക്ഷെങ്കി തീയേറ്ററില്‍ പോയി സിനിമ കാണുകാന്നൊക്കെപ്പറഞ്ഞാ വല്യ ബുദ്ധിമുട്ടാണല്ലൊ എന്നിങ്ങനാലോചിച്ചോണ്ടിരുന്നപ്പോഴാണ് തിരുവനന്തോരത്തൂന്ന് ചെറുക്കന്‍ വിളിക്കുന്നത്.

“അണ്ണാ സാധനം കിട്ടി”. പഴശ്ശിയെക്കിട്ടി. നല്ല ഉഗ്രന്‍ വ്യാജനാ.ഇപ്പൊ എറങ്ങിയതെയുള്ളൂ .
“നല്ല പിടിച്ചുപറിയാ”.....

പെട്ടന്ന് കൊണ്ടുവാടാ ചെര്‍ക്കാ.. ആദ്യം എനിക്കൊന്നു കാണണം,അതുകഴിഞ്ഞേ കടേല് വക്കുന്നൊള്ളു.

വരുന്നണ്ണാ വരുന്ന്... കൊല്ലത്ത് രണ്ടു കടേക്കൊടുക്കാനൊണ്ട്, അതുകഴിഞ്ഞാ നേരെ പത്തനംതിട്ടക്കാ. ഇന്ന് വയ്യുന്നേരവാവുമ്പളേക്ക് തരാം.

ശെരി ശെരി വേഗമാട്ടടെ..

ചെര്‍ക്കന്‍ വാക്കു പാലിച്ചു .വയ്യിട്ടു സാധനം കിട്ടി.
ഉടവാളേറ്റുവാങ്ങുന്നപോലെ ഭക്തിപുരസരം വ്യാജ സീഡിയേറ്റുവാങ്ങുമ്പൊ ദേശാഭിമാനംകൊണ്ട് രക്തം തിളച്ചു,രോമാഞ്ചമുണ്ടായി.

സീഡിയിട്ടശേഷം ആസ്വാദകന്റെ കുപ്പായം വലിച്ചൂരി ചുരുട്ടിക്കൂട്ടി ഒരു മൂലക്കോട്ടെറിഞ്ഞു. എന്നിട്ടു വിമര്‍ശ്ശകന്റെ ലങ്കോട്ടി കെട്ടി, പുരികം വളച്ച് ,ചുണ്ട് കോട്ടി മുഖത്തൊരു പുശ്ചഭാവം വരുത്തി.

സിനിമ തുടങ്ങി. ആകെപ്പാടെ ഒരു ഇരുട്ട്. ഇതാന്നോടെ മലയാളത്തിന്റെ ലോക സിനിമ. മൊത്തമിരുട്ടാണല്ലൊ?

പടം ആകെമൊത്തം വല്ല്യ കൊഴപ്പമില്ലെന്നാണു തോന്നുന്നെ.
പക്ഷെ ലോകോത്തരനിലവാരമെന്നൊക്കെപ്പറയുന്നത് ചുമ്മാ..
പേരെഴുതിക്കാണിക്കുന്നിടം തൊട്ടെ ഭയങ്കര ‍ആട്ടം ഫീല്‍ ചെയ്യുന്നുണ്ടാരുന്നു. ഞാ‍നാണെങ്കിലിന്നു പച്ചക്കാണ് താനും ; അപ്പൊപ്പിന്നെ സിനിമേടെ കുഴപ്പം തന്നെ.

ക്യമറ തീരെപ്പോര.... സിനിമ കാണാന്‍ വന്നോന്മാരുടെയൊക്കെ തലകള്‍ കാണാം.
ഇതാണോ റസൂല്‍ പൂക്കുട്ടി കൈവച്ച ശബ്ദമിശ്രണം. നിറയെ കൂക്കുവിളികളും കയ്യടി ശബ്ദങ്ങളും മാത്രമേ ഉള്ളല്ലൊ. അതും പോരാഞ്ഞ് ശബ്ദത്തിന് നല്ല വലിച്ചില് . സംഭാഷണോം ,ആക്ഷനും ഒക്കെക്കഴിഞ്ഞ് അല്‍പ്പസമയത്തിനു ശേഷമാണ് ശബ്ദം വരുന്നതും . ഇതിനാണൊ പൂക്കുട്ടി ബോംബേല്‍ പോയതും, കൊല്ലന്റെ ആലയില്‍ കുത്തിയിരുന്നതുമൊക്കെ.

ഹാ കനിഹ കൊള്ളാം. യെവടെ അഭിനയം വല്ല്യ ഗുണമില്ലാരുന്നെന്നാണല്ലൊ എല്ലാരും പറഞ്ഞതെന്ന് സിനിമ കഴിഞ്ഞപ്പഴാ ഓര്‍ത്തെ. നേരത്തെയോര്‍ത്തിരുന്നെങ്കില് ‘അഭിനയൊം’ കൂടിയൊന്ന് ശ്രദ്ധിക്കാരുന്നു.

പത്മപ്രിയ ത്രസിപ്പിച്ചു കളഞ്ഞ്. പക്ഷെ എന്നാ ചെയ്യാനാ.. ക്യാമറെം ,ലൈറ്റുമൊന്നും പോരാഞ്ഞോണ്ട് അത്രക്കങ്ങോട്ടെറിച്ചില്ല.
ഏതവനെയാടാ തീയറ്റെറില്‍ പടമ്പിടിക്കാന്‍ വിട്ടതു?
ഈ അണ്ണന്മാരെല്ലാരുകൂടി എന്തിനാണീങ്ങനെ വായുവില്‍ പറന്നുകളിക്കുന്നതെന്നു മനസിലായില്ല. മൌഗ്ലിക്കു പഠിക്കുന്നോ!!!

കഥ മുറ്റാരുന്നു.
അതിനിതു കഥയല്ലല്ലൊ സംഭവമല്ലെ?
അതെ പക്ഷെ തിരക്കഥയൊണ്ടല്ലൊ തിരക്കഥ. അത് എം.ടി. തെമറിക്കളഞ്ഞ്.
ശരത്ത് കുമാറു മാത്രമല്ലടെ മമ്മൂട്ടിയും തഹര്‍ത്ത്. പക്ഷെങ്കി നമ്മളത് കണ്ട ഭാവം നടിക്കുകേല, കാരണം നമ്മളു മറ്റേയള്‍ടെ ഫാനാണല്ലൊ.
ആ പുഛഭാവം അല്‍പ്പം കൂടി കൂട്ടി.

അവസാനത്തെ അടീം, വെടിം ,പടക്കൊം എല്ലാങ്കുടെന്തൊ അത്രക്കങ്ങോട്ടു ദഹിച്ചില്ല. എന്നാലും സാരമില്ല മുപ്പതു രൂപായടെ വ്യാജസീഡി എങ്ങും സ്റ്റക്കായി ചതിച്ചില്ല. നാ‍ളെത്തൊട്ട് കടേല് വച്ച് മൊതലാക്കുവേം ചെയ്യാം.

ഹൊ... എത്രദിവസമായിട്ടു വിചാരിക്കുന്ന കാര്യമാ പഴശ്ശിരാജാക്കൊരു റിവ്യു എഴുതണമെന്ന്.അവസാനം ഇത്രയേലും നടന്നല്ലൊ അതുമതി. ഇനി പഴയ ആസ്വാദകന്റെ ഉടുപ്പ് തട്ടിക്കൊടഞ്ഞെടുത്തൊന്നിടണം ,എന്നിട്ടുവേണം ആ സിനിമ ഒന്നൂടെക്കാണാന്‍. ഹല്ല പിന്നെ...

Saturday, October 10, 2009

വിവാദവും വെളിക്കെറങ്ങലും !ഓ നേരം വെളുത്തോ... ആദ്യം തന്നെ പത്രമെടുത്ത് നിവര്‍ത്തി നോക്കിയേക്കാം ഇന്ന് എന്താണ് മാധ്യമ മാഫിയ എഴുതിക്കൂട്ടിയിരിക്കുന്നതെന്ന് . ശ്ശെ !!! ആശാവഹമായ ഒന്നുംതന്നെയില്ല. ലിവന്മാരെക്കൊണ്ട് തോറ്റു.കേരളത്തിലെ ഗുരുതര ക്രമസമാധാന പ്രശ്നങ്ങളെപ്പറ്റി എഴുതാനിപ്പൊ ഇവന്മാര്‍ക്കു സമയമില്ലാതായല്ലൊ.

എന്നാപ്പിന്നെ ഇനി ടീവി വച്ചേക്കാം അതാണേക പ്രതീക്ഷ. ഏഷാനെറ്റ് ന്യൂസ്,കൈരളി,സൂര്യ,മനോരമ,ജയ്ഹിന്ദ് അങ്ങനെ ഒട്ടുമിക്കാ ചാനലികളില്‍ക്കൂടെല്ലാം ഓടിച്ചുനോക്കി. തഥൈവ !
ജസ്റ്റ് ഇന്‍
,ഫ്ലാഷ് ന്യൂസ്,ഇപ്പോക്കിട്ടിയത്........... ഒന്നുമില്ല; എല്ലാം ശാന്തം.....
ഏന്തോന്നാടെ ഇത്. ഇന്ന് നേരംവെളുത്തിത്രയായിട്ടും ഒരു വിവാദവും വന്നില്ലന്നുവച്ചാ വല്ല്യ കഷ്ടമാണുകേട്ടൊ......


ദൈവമെ ഒരുവിവാദം പോലും കേക്കാതെ ഇന്നെങ്ങനെ വെളിക്കുപോകും. ഇന്നത്തെ ദിവസം പോക്കായല്ലൊ. വന്നുവന്നിപ്പൊ ഒരു വിവാദമെങ്കിലും വായിക്കാതെം കാണാതെം വെളിക്കു പോകാന്‍ പറ്റുകേലന്ന നിലയായി. ഓരോരോ ദു:ശീലങ്ങളെ !

ഇതാണീ മലയാളീസിന്റെ കുഴപ്പം, ഒരു വിവാദം പോലും ഒരാഴ്ച ഓടിക്കത്തില്ല, അപ്പളേക്കും വരും പുതിയത്. ആകെ രണ്ടാഴ്ച ഓടിയത്ത് ‘S’ കത്തി മാത്രമാണ്. പിന്നെ ശശി തരൂരുള്ളതാണ് ഏക ആശ്വാസം . അങ്ങേരുമൂലം രണ്ടാഴ്ച കൂടുമ്പൊ ഒരെണ്ണം വീതം വിവാദമുണ്ടാവുന്നുണ്ട്. അതുക്കോണ്ട് ഒന്നുമില്ലേലും കേരളത്തിലെ വിവാദങ്ങളുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം കൂടിയിട്ടുണ്ട്.


ഒന്നൂടെ പത്രോം, ചാനലും നോക്കീയേക്കാം എന്നിട്ടും ഒരു രക്ഷേം ഇല്ലെങ്കില്‍ പിന്നെ ട്വിറ്ററിലോ ബ്ലോഗിലൊ കേറിനോക്കാം ഒന്നുമില്ലേലും ഇന്നു വേളിക്കിറങ്ങാനുംവേണ്ടിയെങ്കിലും ഒരു കുഞ്ഞുവിവാദം കിട്ടിയേക്കും !!!Wednesday, August 19, 2009

ഫ്ലൂസ് ഓണ്‍ കണ്ട്രി....!!!വൈവിധ്യങ്ങളുടെ കലവറയായ കേരളത്തില്‍ പനിസീസണ്‍ തുടങ്ങിയപ്പൊള്‍ അതിനും വൈവിധ്യമേറെ.
പരമ്പരാഗത പനികളായ എലിപ്പനി,മലമ്പനി,ഡെങ്കിപ്പനി പിന്നെ കഴിഞ്ഞവര്‍ഷം മുതല്‍ കാണാന്‍ തുടങ്ങിയ പകര്‍ച്ചപ്പനി,തക്കാളിപ്പനി,പക്ഷിപ്പനി ഒപ്പം ഇക്കൊല്ലം വന്ന പന്നിപ്പനി തുടങ്ങി ഒരു ഡസനോളം വിവിധ ഇനത്തില്‍ പെട്ട പനികള്‍.
സ്വകാര്യ ആശുപത്രിക്കാര്‍ക്കും,ഗവണ്മെന്റ് ഡോക്ടര്‍മ്മാര്‍ക്കും, മെഡിക്കല്‍ സ്ടോറുകാര്‍ക്കും,ലാബുകാര്‍ക്കുമൊക്കെ സന്തോഷിക്കാനിനി വേറെന്തു വേണം.

എന്നാല്‍ ഇവര്‍ക്കുമാത്രം ജീവിച്ചാല്‍ പോരല്ലൊ. അതുകൊണ്ടു തന്നെ എല്ലാവരും കാണുന്ന പോലേയല്ല ഈ പനികളെ കേരള വിനോദസഞ്ചാര വകുപ്പ് കാണുവാന്‍ പോകുന്നത്.

തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കൃത്യമായി വന്നുകൊണ്ട് ഈ പനി സീസണ്‍ കേരളത്തിന്റെ കാലാവസ്ഥാ ഭൂപടത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ഈ അവസരത്തില്‍ ‘ഗോഡ്സ് ഓണ്‍ കണ്ട്രി’ എന്ന ആപ്തവാക്യം മാറ്റി ഇനിമുതല്‍ ‍‘ഫ്ലൂസ് ഓണ്‍ കണ്ട്രി’ എന്നാക്കി വിനോദസഞ്ചാരികളെ ആകര്‍ഷിച്ച് നമ്മുടേ വിനോദസഞ്ചാര മേഖലക്ക് ഒരു പുതിയ മുഖം നല്കി പരിപോഷിപ്പിക്കാനാണ് വിനോദ സഞ്ചാര വകുപ്പിന്റെ തീരുമാനം.

വിദേശസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പോന്ന പുതിയതും പഴയതുമായ ഒരു പനി ശേഖരം തന്നെ നമ്മുടെ കയ്യില്‍ ഇപ്പോഴുണ്ട്. അതിനാല്‍ ഇതിന്റെ സാധ്യതകള്‍ പരമാവധി മുതലാക്കിക്കൊണ്ട് വിദേശസഞ്ചാരികള്‍ക്ക് ഈ പനികളെ അടുത്തറിയാനും, പകര്‍ത്താനും പിന്നെ അതിന്റെ കുളിരും ചൂരും അനുഭവിച്ചറിയാനുമുള്ള എല്ലാ സജ്ജീകരണങ്ങളും ചെയ്തുകൊണ്ടുള്ള ഒരു വ്യത്യസ്തമായ വികസനമാണ് സംസ്ഥാന വിനോദസഞ്ചാരവകുപ്പ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് എന്നറിയുന്നു.

ഈയിടെ രൂപംകൊണ്ട ‘അഖില കേരള പനിബാധിത സംഘ’വുമായി യൊജിച്ചു പ്രവര്‍ത്തിക്കാ‍നാണു തീരുമാനം.
എല്ലാ ജില്ലകളിലും ഇതിന്റെ ഭാഗമായി ‘ഫിവര്‍ ഫ്രണ്ട് ലി’ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ജില്ലാതലത്തിലുള്ള ഈ കേന്ദ്രങ്ങളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും പ്രവര്‍ത്തനം വിലയിരുത്താനും ഒരു ഉന്നതാധികാ‍ര സമിതിയെയും നിയോഗിക്കും.

ഇതുകൂടാതെ ഈ മേഖലയുടെ ഭാവിയിലെ വികസനത്തെ മുന്‍നിര്‍ത്തിക്കൊണ്ട് മറ്റുചില സംരംഭങ്ങള്‍ക്കുകൂടി തുടക്കം കുറിക്കാന്‍ പദ്ധതിയുണ്ട്. ഇപ്പോഴുള്ള പനികള്‍ക്കൊപ്പം തദ്ദേശിയമായി കൂടുതല്‍ ഇനം പനികള്‍ വികസിപ്പിച്ചെടുക്കുക എന്നുള്ളത് ഇതിലൊരു സംരംഭമാണ്. ഇതിനായി സംസ്ഥാനത്തെ തിരഞ്ഞെടുത്ത മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള വിദദ്ധസംഘത്തിന്റെ സേവനം ഉപയോഗപ്പെടുത്തും.

ഒരു പുതിയ ഇനം പനി പടരണമെന്നുണ്ടെങ്കില്‍ വിദേശത്തുനിന്ന് ആരെങ്കിലും വരെണ്ട സ്ഥിതിവിശേഷമാണ് ഇന്നു നിലവിലുള്ളത്. ഇതുപൂര്‍ണ്ണമായും ഒഴിവാക്കി നമ്മുടെ സംസ്ഥാനത്തിനാവശ്യമായ പനി ഇവിടെത്തന്നെ വികസിപ്പിച്ചെടുക്കാനുള്ള യത്നത്തിന്റെ ഭാഗമായാണ് ‘ഫിവര്‍ ആന്‍ഡ് ഷിവര്‍’ എന്ന ഈ സംരഭത്തിനു സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്.

പുതിയതരം പനികളായ പട്ടിപ്പനി,എരുമപ്പനി,കോഴിപ്പനി,മാക്രിപ്പനി,ഉള്ളിപ്പനി എന്നിങ്ങനെ അരഡസനോളം പനികള്‍ തുടക്കത്തില്‍ വികസിപ്പിച്ചെടുക്കുകയും; ക്രമേണ ഇതു വര്‍ധിപ്പിച്ച് അഞ്ചുവര്‍ഷം കൊണ്ട് കേരളത്തെ പനിയുടെ കാര്യത്തില്‍ സ്വയം പര്യാപ്ത സംസ്ഥാനമാക്കുകയുമാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി പ്രഖ്യാപിച്ചു.

തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ പ്രശസ്ത കവി തഞ്ചാവൂര്‍ തങ്കപ്പന്റെ പുതിയ കവിതാസമാഹരമായ ‘പനിക്കുന്നവന്റെ വികാരം’ ത്തിന്റെ പ്രകാശനച്ചടങ്ങുകളില്‍ പങ്കെടുത്ത് സംസാരിക്കുകയാരുന്നു ആരോഗ്യമന്ത്രി .


കഴിഞ്ഞ വര്‍ഷം പകര്‍ച്ചപ്പനിരംഗത്ത് മികച്ച പ്രകടനം കാഴ്ച്ചവെച്ച പത്തനംതിട്ട,ആലപ്പുഴ ജില്ലകളെ മാതൃകാ ജില്ലകളായി പ്രഖ്യാപിക്കും.
അങ്ങനെ ഇത്തരം കാലാനുശ്രിതമായ മാറ്റങ്ങളോടുകൂടിയ പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നതോടെ
കേരളം വിനോദസഞ്ചാര രംഗത്തും, ആരോഗ്യ രംഗത്തും വമ്പന്‍ കുതിച്ചു ചാട്ടത്തിനാണൊരുങ്ങുന്നത്....പിടിച്ചിരുന്നോളുക!!! അല്ലെങ്കില്‍ തെറിച്ചു പോയെന്നുവരും!!!


Saturday, August 1, 2009

മീറ്റും മീങ്കറീം ....അച്ചായോ പോയി ഇച്ചിരെ മീറ്റു മേടിച്ചോണ്ടു വാന്നെ ...ഉച്ചക്കൂണിന്റെ കൂടെ ഒന്നുമില്ലന്നേ സ്പെഷ്യല്.
അതോ ഇന്നുച്ചക്കു കപ്പേം മീങ്കറീം മതിയൊ?

ഫ ........എരണംകെട്ട $#%^%&*@#% മോളേ....!!! നീ എന്തിനാടി മീറ്റ് , മീറ്റ് എന്നിടെക്കിടെ പറയുന്നെ. നീ ഉച്ചക്കു ഊണിനൊള്ളത് വക്കുന്നൊ അതൊ എനിക്കിട്ട് വെക്കുന്നൊ?
നിനക്ക് പച്ചമലയാളത്തില്‍ ഇറച്ചി എന്നു പറഞ്ഞാ എന്നാ പറ്റും?

ഹൊ... ഇതിയാനെന്നാത്തിനാ ചൂടാവുന്നെ ? ഈ വീട്ടിവന്ന കാലം തൊട്ട് ഞാന്‍ മീറ്റ് , മീറ്റ് എന്നുതന്നല്ലിയൊ പറയാറ്.ഇപ്പൊ ഈ ഒരുമാസം കൊണ്ടാണല്ലൊ മീറ്റെന്നു പറയുമ്പൊ ഇതിയാനു പ്രാന്തെളകുന്നെ. ഇതെന്നാ പറ്റിയതാ ? നമക്കു നല്ല ഡൊക്ടര്‍മാരെ വല്ലതും പോയിക്കാണാവെന്നെ.

ഫാ.. നിന്റെ തന്ത കുമരകം കുഞ്ഞുവറീതിനെ കൊണ്ട്പോടീ ഡോക്റ്ററടടുത്ത്.

ഇങ്ങേര്‍ക്കു പ്രാന്താ‍....എപ്പനോക്കിയാലും ആ ലാപ്ടോപ്പും കെട്ടിപ്പിടിച്ചോണ്ടിരുന്നോണം.
ഞാന്‍ പോയി കപ്പ അടുപ്പത്തിടട്ടെ.


ഛേ എവളെക്കോണ്ട് തോറ്റല്ലൊ...!! ചുമ്മാ സമയം കളഞ്ഞു. ഈ സമയം കൊണ്ട് നാലു പോസ്റ്റ് ഡ്രാഫ്റ്റ് ചെയ്തു വക്കുവോ, ആ ബ്ലോഗ് തെണ്ടികള്‍ക്കിട്ട് രണ്ട് താങ്ങ് താങ്ങുവോ ചെയ്യാരുന്നു.

പലതവണ പറഞ്ഞിട്ടൊള്ളതാണ് പോസ്റ്റിടുമ്പൊ പുറകീന്നു വിളിക്കരുതെന്ന്.കേക്കത്തില്ല.
ആ സാരമില്ല ഉള്ളതൊക്കെ ഡ്രാഫ്റ്റാക്കി വക്കാം. ഡൈലി മൂന്നുനേരം ആഹാരത്തിനു ശേഷം പോസ്റ്റിടണമെന്നാണല്ലൊ ഡോക്റ്ററ് പറഞ്ഞിട്ടോള്ളത്.അവളീ കൊണ്ടുപോയിക്കാണിക്കമെന്നു പറയുന്ന ഡോക്റ്ററെ ഞാനെപ്പളെ പോയി കണ്ടതാ. ഞാനാരാ മോന്‍? ഇതു വല്ലതും ഇവക്കറിയാമോ.
എന്തു ചെയ്യാം പത്തുലക്ഷത്തിലൊരാള്‍ക്കു മാത്രം വരുന്ന രോഗമായിപ്പോയില്ലെ. ബാക്കി ഒമ്പതുലക്ഷത്തി തൊണ്ണൂറ്റൊമ്പതിനായിരത്തി തൊണ്ണൂറ്റൊമ്പതുപേരും അര്‍മ്മാദിക്കുവാരിക്കും ,ചെറ്റകള്‍.

............................................................................ .................................................................................. ..........

അച്ചായാ..... ദേ ആ കമ്പ്യൂട്ടറിലും നോക്കി കുത്തിയിരുന്നതുമതി; എണീറ്റുവന്നെ...........
ദേ കപ്പേം മിങ്കറീം റെഡിയായിട്ടോണ്ട്.

ഫാ.........ഏതവനാടീ നിന്റച്ചായന്‍. നിന്റെ മറ്റവനെപ്പോയി വിളിക്കെടി. ഞാ‍രുടെം അച്ചായനൊന്നുമല്ല!!!

ആയ്യോ ഏന്റെ കര്‍ത്താവേ ഇങ്ങേര്‍ക്കിതെന്നാ പറ്റി. ചുമ്മാ എന്റെ മെക്കിട്ടു കേറുകാണല്ലൊ നേരം വെളുത്തപ്പത്തൊട്ട്.

അയ്യോടി നീയാരുന്നൊ? ഞാനിപ്പ നോക്കിയപ്പളല്ലെ കണ്ടത്!

ഞാന്‍ പെട്ടന്നു വിചാരിച്ചു ഏതൊ എരപ്പാളികള് എന്റെ ബ്ലോഗ്ഗ് വായിച്ച് കമന്റിട്ടതാന്ന്.അതല്ലെ ഞാന്‍ പെട്ടന്നങ്ങനൊക്കെപ്പറഞ്ഞു കളഞ്ഞത്. നീയെന്നോടു ക്ഷമീര്. നമ്മക്കുപോയി കപ്പേം മിങ്കറീം കഴിക്കാം. അതു കഴിഞ്ഞിട്ടെനിക്കു പോസ്റ്റിടാനൊള്ളതാ.... വന്നാട്ടെ.

Thursday, July 30, 2009

കേരളരാഷ്ട്രീയം ഉരുണ്ടതാണെന്നു തെളിയിക്കാനുള്ള ശ്രമം !ഡേയ്...... ഭൂമി ഉരുണ്ടതാണെന്നു തെളിയിച്ചതാരാണെന്നറിയാമോ?

അത്... അണ്ണാ.... ഏതൊ ഒരു എല്ലനല്ലെ?

ഏതോ ഒരെല്ലനല്ലടെ മെഗല്ലന്‍.....

ഓ അതു ശരി ... പക്ഷെ അതിപ്പൊ ഇവിടെപ്പറയണ്ട കാര്യം?

അതായത്.... പണ്ടീ മെഗല്ലന്‍ ഒരു കപ്പലും പിടിച്ചു കടല്‍ മാര്‍ഗ്ഗം ലോകം ചുറ്റാനിറങ്ങി. എന്നിട്ട് തുടങ്ങിയടത്തുതന്നെ തിരിച്ചെത്തിയിട്ട് ഭൂമി ഉരുണ്ടതാണെന്നു വിളിച്ചു പറഞ്ഞു. അതുവരെ ഭൂമി പരന്നതാന്നും നെരന്നതാന്നും ഒക്കെ വിശ്വസിച്ചിരുന്നവര്‍ക്ക് അതു ഭയങ്കര അത്‍ഭുതമായി.
അതുപോലെ ഇതാ ഒരഭിനവ മെഗല്ലന്‍ കേരളരാഷ്ടീയം ഉരുണ്ടതാണെന്നു തെളിയിക്കാനായി ഒരു കപ്പലും കൊണ്ടു പുറപ്പെട്ടിട്ട് കുറെനാളായി.

അതേത് മെഗല്ലനണ്ണാ?

എല്ലാര്‍ക്കുമറിയാവുന്ന ആളു തന്നെടെ...
ആളു പണ്ട് പേരുകേട്ട കപ്പിത്താനായ അച്ഛനൊപ്പം INC തുറമുഖത്താരുന്നു വ്യാവാരം.
അവിടെ വ്യാവാരം നടത്തി നടത്തി തുറമുഖം മുടിപ്പിക്കുമെന്നായപ്പൊ, അവിടുത്തുകാരു പതുക്കെ ചവിട്ടാനും കുത്താനും തുടങ്ങി.
അപ്പൊ അച്ഛനും മോനും കൂടെ ഒരു മണ്ണുമാന്തി കപ്പലും എടുത്ത് കടല്‍മാര്‍ഗ്ഗം സ്വന്തമായുണ്ടാക്കിയ DIC തുറമുഖത്തേക്കു വച്ചു പിടിച്ചു. അവിടെ സ്വന്തമായി വ്യാവാരം തൊടങ്ങി.

ആദ്യം ഇടതുവശം ചേര്‍ന്ന് കപ്പലോടിച്ചു നോക്കി.. ആദ്യമൊക്കെ ഇടതു തീരത്തൊള്ളൊരു ചിരിച്ചു കാണിച്ചു. അല്പം സാധനങ്ങളോക്കെ ചില്ലറ മാര്‍ക്കറ്റില്‍ വിറ്റുപോയി. അപ്പപ്പിന്നെ ചില്ലറ വില്പനമതിയാക്കി മൊത്തവ്യാപാരം തൊടങ്ങാമെന്നു വിചാരിച്ചു . അപ്പൊ ഇടതു തീരത്തൊള്ളോരു മുഖം കറുപ്പിച്ചു. മേലാല്‍ ഇടതുവശം ചേര്‍ത്ത് കപ്പലോടിച്ചാല്‍ മുട്ടുകാലു തല്ലിയൊടിക്കുമെന്നു പറഞ്ഞു.

അതൊള്ളതാ അണ്ണാ അവന്മാരു പറഞ്ഞാ പറഞ്ഞപോലെ ചെയ്തുകളയും!!!

അങ്ങനെ ആ സ്ഥലമുപേക്ഷിച്ചു ... പിന്നെ NCP തുറമുഖത്തേക്കായി യാത്ര. അവരുടെ കൂടെക്കൂടി പുതിയ ബിസിനസ് തുടങ്ങി.
മണ്ണുമാന്തി കപ്പലുവെച്ച് മാന്തി മാന്തി തുറമുഖം മുങ്ങുമെന്നായപ്പൊ അച്ഛന്‍ പതുക്കെ വലിയാന്‍ തീ‍രുമാനിച്ചു.
മോന്‍ പറഞ്ഞു നോക്കി അച്ഛാ നമുക്ക് ഈ കപ്പലും കൊണ്ട് കുറച്ചുനാള്‍ കൂടി ചുറ്റിസഞ്ചരിച്ച് ഇതിലും മെച്ചപ്പെട്ട ബിസിനസു വല്ലതും കിട്ടുമോന്നു നോക്കാം.

അച്ഛനാരാ മോന്‍! പുള്ളി പറഞ്ഞു ,അതൊക്കെ നീ ഒറ്റക്കു ചുറ്റിനടന്നു കണ്ടുപിടിച്ചാമതി.ഞാന്‍ ഇപ്പൊ തല്ക്കാലം പഴയ ബിസിനസ് തന്നെ ചെയ്യാന്‍ പൊവാ.
എന്നുമ്പറഞ്ഞ് മൂപ്പില്‍സ് ഒരു ചെറിയ ലൈഫ് ബോട്ടിറക്കി, അതിക്കേറി പഴയ INC തുറമുഖത്തേക്കു വച്ചുപിടിച്ചു. വഴിക്ക് മുടിഞ്ഞ കാറും കോളും ഉണ്ടായി, മഴ, മിന്നല്‍ ,ഇടി, സുനാമി ഒക്കെയുണ്ടായി. പക്ഷെ അതിനൊന്നും ആ തൊലിക്കട്ടിയെ അതിജീവിക്കാനുള്ള കരുത്തുണ്ടായിരുന്നില്ല്ല.

അവസാനം മൂപ്പു പഴയ തീരത്തണഞ്ഞു. വല്ല്യ പ്രശ്നമൊന്നുമില്ലാതെ കാര്യങ്ങള്‍ നടന്നുപോയി. അങ്ങേരപ്പോഴും കടലില്‍ മുങ്ങാറായ NCP തുറമുഖത്തു കപ്പലില്‍ വട്ടം ചുറ്റുന്ന മകനെക്കുറിച്ചോര്‍ത്തു ദുഖിച്ചു.

മകന്റെ കപ്പലടുപ്പിക്കാനുള്ള ഇടം ദിവസവും തന്റെ തീരത്തു നോക്കി വച്ച് , ഒരു ദിവസം അവനൊരു വലിയ കപ്പലുമായി ഒരു നാണവുമില്ലാതെ അവിടെ വന്നടുക്കുന്നതും സ്വപനം കണ്ടു നടന്നു.

മകന്‍ കപ്പലുമായി ചെറുതും വലുതുമായ പല തുറമുഖങ്ങളിലും ചെന്നു നൊക്കിയെങ്കിലും മണ്ണുമാന്തിക്കപ്പലാ‍യതിനാല്‍ ആരുമതിനെ അടുപ്പിക്കാന്‍ കൂട്ടാക്കിയില്ല. സ്വന്തം അടിത്തറയെക്കുറിച്ച് എല്ലാര്‍ക്കും ഭയമുണ്ടായിരുന്നു എന്നു വേണം കരുതാന്‍.
മകന്‍ ദുഖിച്ചു .......അച്ഛന്‍ പ്രാര്‍ത്ഥിച്ചു.... ഒരു രക്ഷയുമില്ല...........

അവസാനം മകന്‍ ആ തീരുമാനമെടുത്തു... അതെ ഒരഭിനവ മെഗല്ലനാകുക തന്നെ.... ലോകം ചുറ്റിസഞ്ചരിച്ച് പഴയ തീരത്തു തന്നെ എത്തുക. അങ്ങനെ ചരിത്രത്തിലിടം തേടുക.

അല്ലണ്ണാ .... ഇവന്മാര്‍ക്കും ചരിത്രമൊ???
ചുമ്മാ ജാഡക്ക് ... കെടക്കട്ടെ......!!!
ഓ അങ്ങനെ ... കെടന്നോട്ടെ......

മകന്‍ കപ്പലൊന്നു കഴുകി , തൊരണമൊക്കെക്കെട്ടി മോടിപിടിപ്പിച്ചു, നല്ല സഫാരി സ്യൂട്ടൊക്കെ ധരിച്ചു. എന്നിട്ട് മണ്ണുമാന്തിയുമായി മെല്ലെ ഇറങ്ങി .

അതിന്റെ പാര്‍ശ്വഫലങ്ങള്‍ തീരത്തു അനുഭവപ്പെടാന്‍ തുടങ്ങി. പേമാരി , വെള്ളപ്പൊക്കം, ഉരുള്‍ പൊട്ടല്‍ അങ്ങനെ പലതും. അച്ഛനെപ്പോലെ തൊലിക്കട്ടി ഇല്ലാത്തതിനാല്‍ മകന്‍ ഇതൊക്കെക്കണ്ട് ഭയന്നു. കരക്കിരുന്ന് അപ്പന്‍ പ്രാര്‍ഥിച്ചു.

പക്ഷെ പ്രതീക്ഷക്കു വിപരീതമായി INC തുറമുഖക്കാരു വല്ല്യ താല്‍പ്പര്യമൊന്നും കാണിച്ചില്ല. മകന്‍ തുറമുഖത്തിനടുത്തെത്താറായി . കാറും കോളും കാരണം തുറമുഖത്തടുപ്പിക്കാതെ ദൂരെത്തന്നെ നിന്നു. കരക്കുനിന്നു സിഗ്നലൊന്നും കിട്ടുന്നില്ല. അല്പം കൂടി കാത്തിരിക്കാമെന്നു കരുതി. പക്ഷെ ആരും സിസ്നലു തരുന്നില്ല. കുറെ ദിവസമായി ചെക്കന്‍ കേരള രാഷ്ട്രീയം ഉരുണ്ടതാണെന്നു തെളിയിക്കുന്ന ചരിത്ര മുഹൂര്‍ത്തത്തിനടുത്തെത്തി നിക്കുന്നു. പക്ഷെ ഒരു പട്ടി പോലും തിരിഞ്ഞു നോക്കുന്നില്ല.

അപ്പൊഴാണ് ആ ഹൃദയഭേദകമായ ആ കാഴ്ച്ച അവന്‍ കണ്ടത് ഒരു പിണ്ടി ചെങ്ങാടം തുറമുഖത്തേക്കടുക്കുന്നു. അതില്‍ വെറും ഒറ്റത്തോര്‍ത്തുമുടുത്ത് തുഴയുന്ന ഒരാള്‍. കണ്ടാലെ അറിയാം ഏതൊ നല്ലനിലയില്‍ കഴിഞ്ഞിരുന്ന കുടുംബത്തിലെയാണ്. ഇപ്പൊ ഗതിയില്ലാതെ അലയുകയാണെന്നു തോന്നുന്നു പാവം. ആകെ ക്ഷീണിതനാണ്. ഒരു ‘ജനതയുടെ’ മൊത്തം ‘തള്ളു’ കൊണ്ടപോലത്തെ മുഖഭാവം. ചെങ്ങാടം തുറമുഖത്തടുപ്പിച്ച് അയാള്‍ മെല്ലെയിറങ്ങി ആ തുറമുഖത്തു കുത്തിയിരുന്നു.
അതാ അതിലും ഞെട്ടിക്കുന്ന മറ്റൊരു കാഴ്ച . ഒരുകൂട്ടം തുറമുഖ അധികാരികള്‍ ഓടിവരുന്നു. അയാളെ തൊഴിച്ചു പുറത്തിടുന്നതും പ്രതീക്ഷിച്ചു നിന്ന നമ്മുടെ മെഗല്ലനെ അമ്പരപ്പിച്ചുകൊണ്ട് അവര്‍ അയാളെ മാലയിട്ട് സ്വീകരിച്ചു, മാറിയുടുക്കാന്‍ ഡബിള്‍ മുണ്ടു കൊടുത്തു, ഇലയിട്ടിരുത്തി സദ്യ വിളമ്പി.

ഇതുകണ്ടു ഞെട്ടിയ മെഗല്ലന്‍ പറഞ്ഞു എനിക്കു തുറമുഖവും വേണ്ട ഒരു കുന്തവും വേണ്ടാ.. ഞാനീ നടുക്കടലില്‍ ഒറ്റക്കു നിക്കും . എന്നിട്ടു പത്തുമിനിറ്റു കഴിയുമ്പൊ തീരത്തോട്ടു വീണ്ടും നോക്കും ആരേലും വിളിക്കുന്നുണ്ടൊന്നു. രണ്ടു ചാലു മാറ്റി നങ്കൂരമിടും എന്നിട്ടു വീണ്ടും നോക്കും . പക്ഷെ തിരിഞ്ഞാരും ഇതുവരെ നോക്കിയിട്ടില്ലെന്നാണറിവ്.

നമുക്കും പ്രാര്‍ത്ഥിക്കമെടെ ആ പാവം മെഗല്ലനുവേണ്ടി. അദ്ദേഹത്തിന് കേരളരാഷ്ട്രീയം ഉരുണ്ടതാണെന്നു തെളിയിക്കാന്‍ കഴിയുമാറാകട്ടെ.

അല്ലണ്ണാ എന്താന്നറിയില്ല എനിക്കീ കഥ കേക്കുമ്പൊ ഒരു പഴഞ്ചൊല്ലാണ് ഓര്‍മ്മ വരുന്നത്.

അതേതു പഴഞ്ചൊല്ല് ?

നാണമില്ലാത്തവന്റെ ആസനത്തില്‍ ആലു കിളുത്താ.....

ഡെയ് ...ഡെയ് ... വിടടെ വിടടെ... ഇതിനുമ്മാത്രം ആ പാവം ആലെന്തു പിഴച്ചു..........!!!


Sunday, July 12, 2009

അച്ചുമാഷും ഗൌരി ടീച്ചറും..ഹല്ല.. ഇതാരു അച്ചുമാഷൊ?

അതെ ഞാന്‍ തന്നെ...

എന്താണാവൊ ഈ വഴിക്കൊക്കെ?

ഞാനിവിടടുത്തൊരു പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാന്‍ വന്നതാ..
അതാരുടെയാ ?

നമ്മടെ ഗൌരി ടീച്ചറില്ലില്ലെ.... അവരുടെ...
പണ്ടു ഞങ്ങളൊരുമിച്ചൊരു സ്കൂളിലല്ലെ പഠിപ്പിച്ചിരുന്നെ.

ആ... പറഞ്ഞപോലെ ശരിയാണല്ലൊ നിങ്ങളു സഹപ്രവര്‍ത്തകരാണല്ലൊ...ശെരി ചെന്നാട്ടെ

...........................................

ആഹാ പറഞ്ഞതുപോലെതന്നെ സമയത്തെത്തിയല്ലൊ.... വരണം വരണം. കയറി വരണം.
എത്ര നാളായി ഇങ്ങോട്ടൊക്കെ വന്നിട്ട്.

അതെയതെ..... സമയം കിട്ടണ്ടെ ഗൌരി ടീച്ചറെ.

അപ്പൊ ആദ്യം തന്നെ എന്റെ ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍........

നന്ദി മാഷെ നന്ദി......
ഇടക്കൊക്കെ ഒന്നു ഫോണ്‍ വിളിച്ചുകൂടെ മാഷെ?

അയ്യൊ .. ഫോണ്‍ വിളി ഞാന്‍ നിര്‍ത്തിയതാ.... ഈയിടെ ഒരുത്തനെന്റെ ശബ്ദത്തില്‍ നമ്മടെ സ്കൂളിനടുത്ത് പാരലല്‍ കോളേജ് നടത്തുന്ന സുകുമാരനെ വിളിച്ചേതാണ്ട് തെറിപറഞ്ഞ് ആകെ കൊളമാക്കി.

അച്ചുമാഷിപ്പൊ നമ്മടെ പഴയ സ്കൂളില്‍ ഹെഡ് മാസ്റ്ററായി അല്ലെ?

ആ ..അതെ.... അങ്ങനാണെന്നാണു വെപ്പു !

അയ്യൊ അതെന്താ ഒരുമാതിരി??

അല്ല ഹെഡ് മാസ്റ്ററൊക്കെയാണെങ്കിലും പിള്ളേര്‍ക്കും മറ്റധ്യാപകര്‍ക്കുമൊന്നും പണ്ടത്തെപ്പോലൊരു ബഹുമാനമില്ല . എല്ലാ സാറുമ്മാര്‍ക്കും ഹെഡിന്റെ കസേരേലോട്ടാ നോട്ടം.

നമ്മളൊരുമിച്ചു പഠിപ്പിച്ചിരുന്ന കാലത്തൊക്കെ ഹെഡ്മാസ്റ്ററെന്നു വച്ചാ എന്തൊരു ബഹുമാനമാരുന്നു. ഹാ കാലം മാറിയില്ലെ.

പക്ഷെ ഞാന്‍ പഠിപ്പിക്കുന്ന സ്കൂളായോണ്ട് പറയുന്നതല്ല കേട്ടൊ. ഞങ്ങടെ സ്കൂളില്‍ വല്ല്യ കൊഴപ്പമില്ല.
പിള്ളേരു പകത്തുമെഴുതി അസംബ്ലീം കൂടി അങ്ങനെ നടന്നോളും. വല്ല്യ ശല്യമില്ല.
അതു കൊള്ളാമല്ലൊ...പിന്നെന്തൊക്കെയാ വിശേഷങ്ങള്‍?

ഒക്കെപ്പറയാം വന്നാട്ടെ;സദ്യ തയാറായിരിക്കുവാ , ഇനി കഴിച്ചിട്ടാവാം ബാക്കി വിശേഷങ്ങള്‍.
ഓ ആയിക്കളയാം...


പിള്ളാരെ ചോറു വിളമ്പിക്കൊ..... അച്ചുമാഷിരുന്നാട്ടെ.

പിന്നെ ടീച്ചറിപ്പൊ ഏതു വിഷയമാ പഠിപ്പിക്കുന്നത്.

ഓ അങ്ങനെ പ്രത്യേകിച്ച് വിഷയമൊന്നുമില്ല എന്നാലും മെയിനായിട്ടു ബോട്ടണിയാ.
പിന്നെ നമ്മടെ രമേശന്‍ സാറ ഇപ്പൊ ഡ്രില്‍,ചാണ്ടിസാറു പ്രധാനാധ്യാപകനാകനുള്ള ഒരുക്കത്തിലാണ്. പിന്നെ നമ്മടെ പഴയ കരുണന്‍ സാറില്ലെ? അന്ന് ഞങ്ങടെ സ്കൂളു വിട്ട് ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിക്കാന്‍ പോയ ആള്. പുള്ളി അവിടുത്തെ പഠിപ്പീരൊക്കെ മതിയാക്കി തിരിച്ച് നമ്മടെ സ്കൂളില്‍ തന്നെ ജോയിന്‍ ചെയ്തു.

ഹാ.... അതു ഞാനും കേട്ടു. അത്തരം വിവരങ്ങളൊക്കെ സമയാസമയത്ത് അറിയുന്നുണ്ട്.

അതുകൂടാതെ പുള്ളീടെ ചെക്കനെ സി.ബി.എസീല്‍ ചേര്‍ത്തതല്ലാരുന്നൊ. അവനും തിരിച്ചു ഞങ്ങടെ സ്ക്കൂളില്‍ ചേരണം എന്നുമ്പറഞ്ഞു നിക്കുന്നുണ്ട്. ചെക്കന് സി.ബി.എസ്സീ സിലബസ് തലേക്കേറുന്നില്ലപോലും.
അതു ശരി...


പിന്നെ ഈയിടെയായി നിങ്ങടെ സ്ക്കൂളില്‍ ദിവസോം പ്രശ്നങ്ങളാണല്ലൊ? എന്തു പറ്റി?
മാഷും പി.റ്റി.എ പ്രസിഡന്റൂമായി സ്ഥിരം ഒടക്കാണന്നാണല്ലൊ കേള്‍വി.

ഓ അതു ചെറിയ ഒരു പ്രശ്നം;ആളുകളത് പാടിനടന്ന് പെരുപ്പിച്ചു കാണിക്കുവല്ലെ.
ഒരു മൂത്രപ്പുര സ്ഥാപിക്കുന്നതിനെ ചൊല്ലി ഉണ്ടായ തര്‍ക്കമാ..അതിപ്പൊ വല്ല്യ പൊല്ലാപ്പായി. എന്നെ ഹെഡ് മാസ്റ്റര്‍ സ്ഥാനത്തൂന്ന് മാറ്റണമെന്നും,സ്ക്കൂളീന്നു പുറത്താക്കണമെന്നും അങ്ങേരു മാനേജരോടു പരാതിപ്പെടുകവരെ ചെയ്തു. സ്കൂളില്‍ മൂത്രപ്പുര പണീയാന്‍ വച്ചിരുന്ന നാലു ചാക്ക് സിമെന്റ് അങ്ങേരടിച്ചുമാറ്റിയത് എങ്ങനൊ പുറത്തറിഞ്ഞു. അത് ഞാനാ എല്ലാരോടും പറഞ്ഞോണ്ടു നടന്നേന്നും പറഞ്ഞാ എന്നോടു പോര്.
മാനേജര്‍മ്മാരും കലിപ്പിലാ... ഇത്തവ്വണത്തെ ദേശീയ കായികമേളയിലും ഞങ്ങടെ പിള്ളേര്‍ക്ക് കാര്യമായിട്ട് സമ്മാനങ്ങളൊന്നും കിട്ടിയില്ലല്ലൊ. ആകെ നാലു മെഡലാ കിട്ടിയത്.
അക്കാര്യത്തില്‍ നിങ്ങടെ സ്ക്കൂളിനു നല്ല വിജയമല്ലാരുന്നൊ ഇത്തവണ.

ആ സാമ്പാറും മോരുകറീം ഇങ്ങെടുത്തുവക്ക് പിള്ളേരെ. അച്ചുമാഷെ ചോറു കൊറച്ചൂടിടട്ടെ.

ഇപ്പൊ വേണ്ട പറയാം.

ആ ആക്കാര്യം മാഷു പറഞ്ഞതു ശെരിയാ... നമ്മടെ പിള്ളേര്‍ക്കിത്തവണ കൊറെ മെഡലുകിട്ടി.ഒള്ളത് പറയണമല്ലൊ, പ്രധാന എതിരാളികളായ നിങ്ങളുതന്നാ അതിനു പരോക്ഷമായിട്ടു സഹായിച്ചത്.

ഞങ്ങടെ സ്കൂളിലെ A ഡിവിഷന്‍കാരും B ഡിവിഷന്‍കാരും തമ്മില്‍ സ്തിരം തല്ലല്ലെ.... അവര് പരിശീലനത്തിനൊന്നും പോകാതെ പരസ്പരം കടിച്ചുകീറി ഹെഡ് മാസ്റ്ററേം തെറി വിളിച്ചു നടന്നു. അവസാനം എന്തായി ആ അവസം മൊതലാക്കി നിങ്ങടെ സ്ക്കൂളുകാരു മെഡലുമൊത്തം അടിച്ചോണ്ടുപോയി!

അതെ അതാണു ശരി.

മാഷു മീന്‍ കഴിക്കത്തില്ലെ.... ദേ ഇതെലൊരു കഷണം കഴിച്ചാട്ടെ.

ഞാന്‍ മീന്‍ കൂട്ടുന്നത് നിര്‍ത്തിയിരുന്നതാ. എന്നാലും ഗൌരി ടീച്ചര്‍ പറഞ്ഞോണ്ട് ഒരു കഷണം കഴിച്ചെക്കാം... എന്തു മീനാ ഇത്?

ഇത് നമ്മടേ കിണറ്റിത്തന്നെ വളത്തുന്ന മീനാ... പേരു കിണറായി....

ഹൊ ഒരുമാതിരി അശ്രീകരം പിടിച്ച പേരുപോലെ തോന്നുന്നു.... ഇവിടുത്തെ പൊട്ടക്കിണറ്റിലാരിക്കും വളര്‍ത്തുന്നെ അല്ലെ?

ആ... സൂക്ഷിച്ചു തിന്നണെ.. നല്ല മുള്ളാ... തൊണ്ടേ കുടുങ്ങരുതു !

ഓ പിന്നെ വാരിക്കുന്തവുമായി നടന്നുപരിചയമുള്ള നമ്മളെയാ മീമ്മുള്ളു കാണീച്ചു പേടിപ്പിക്കുന്നെ. ഒന്നു പോ ടീച്ചറെ.
ഇങ്ങനെ പോയാലടുത്ത സംസ്ഥാന കായികമേളയിലും ഞങ്ങക്ക് കാര്യമായിട്ടു മെഡലൊന്നും കിട്ടുമെന്നു തോന്നുന്നില്ല.

അതെയതെ ഈ തങ്ങളിത്തല്ലൊന്നു നിര്‍ത്തീട്ടു വേണമല്ലൊ കായികമേളക്കു തയാറെടുക്കാന്‍.

എന്റെ സ്ക്കൂളിലിതുവരെ കുഴപ്പമൊന്നുമില്ല , പക്ഷെ ഇനി സംസ്ഥാന കായികമേളക്ക് കുറെ മെഡലൊക്കെക്കിട്ടിയാല്‍ ചിലപ്പൊ തല്ലും പിടീം ആവുമെന്നാ തോന്നുന്നെ.

മാഷു ഊണുകഴിച്ചു കഴിഞ്ഞൊ... കൊറച്ചൂടെ കഴിച്ചാട്ടെ...

മതി ടീച്ചറെ മതി.... ഇപ്പൊ പണ്ടത്തെപ്പോലെ വിശപ്പില്ല.. എന്നും സ്കൂളിചെന്നവിടത്തെ അന്തരീക്ഷം കാണുമ്പൊഴെ വയറു നിറയും. ഇപ്പൊ അസംബ്ലില്‍ പോലും ആര്‍ക്കും അച്ചടക്കമില്ല. തെറിവിളിം തല്ലുമാ അവിടെം.

അന്നാ എണീറ്റു കൈകഴുകിക്കാട്ടെ.

ടീച്ചറെ ഈക്കാണുന്ന പച്ചക്കറിത്തോട്ടമൊക്കെ ഇവിടുത്തെയാണോ?

പിന്നല്ലാതെ.. ഓ വല്ല്യ ഗുണമൊന്നുമില്ല ഭയങ്കര കീടശല്യമാ.

ഓ ... ഇവിടേമൊണ്ടോ കീടം... ഞാ‍ന്‍ കരുതി ഞങ്ങടെ പള്ളിക്കൂടത്തിന്റെ തോട്ടത്തില്‍ മാത്രമെയുള്ളൂന്ന് !!!

സദ്യ കുശാലായി ടീച്ചറെ..... ഇനി അധികം ഇരിക്കുന്നില്ല. സമയമില്ലാത്തോണ്ടാ.

അല്ല എന്താ ഇത്ര തിടുക്കം? അല്പം ഇരുന്നിട്ടുപോകാം.

സ്കൂളിന്റെ മാനേജരൊരു മീറ്റിങ്ങ് വിളിച്ചിട്ടുണ്ട് ;അവിടത്തെ പ്രശ്നങ്ങളൊക്കെയൊതുക്കാന്‍ വേണ്ടീട്ട്.

അധികകാലം അവിടെ തുടരാന്‍ പറ്റും എന്നു തോന്നുന്നില്ല. സത്യവും ധര്‍മ്മവുമൊക്കെ ഇപ്പൊ ധര്‍മ്മക്കാര്‍ക്കു പോലും വേണ്ടാതായി. അവന്മാരു പുറത്താക്കുന്നതിനു മുന്‍പെ സ്കൂളു വിടുന്നതാരിക്കും നല്ലതെന്നാ തോന്നുന്നെ.

മാഷിനു തിരക്കാണെങ്കില്‍ ഇറങ്ങിക്കോളു... പിന്നെ സ്കൂളു വിടുന്ന കാര്യം ,അതു പുറത്താക്കുന്നെനു മുന്‍പെ അവിടം വിടുന്നതു തന്നാ നല്ലത്. ആ സ്കൂളിന്റെ കാര്യം എന്നെക്കാള്‍ കൂടുതലായി വേറേയാര്‍ക്ക അറിയാവുന്നെ. അല്ലേല്‍ എനിക്കുപറ്റിയതു പോലെ ആകും.

അപ്പൊ ഞാന്‍ ഇറങ്ങുവാ ഗൌരി ടീച്ചറെ...... പിന്നെ ഒരു കാര്യം നിങ്ങടെ സ്കൂളില്‍ വല്ല ഒഴിവും ഉണ്ടെങ്കില്‍ പറയണെ . അവിടുന്നു പുറത്തായാല്‍ പിന്നെ വേറെ എന്തെങ്കിലും തൊഴിലു വേണമല്ലൊ.

നിങ്ങടെ മാനേജര്‍ക്കല്പം കൈമണി കൊടുത്തിട്ടായാലും വേണ്ടില്ല !

വല്ല ഒഴിവും വന്നാല്‍ ഞാന്‍ തീര്‍ച്ചയായും പറയാം അച്ചു മാഷെ. ഒന്നുമില്ലേലും നമ്മളൊരുമിച്ചു കുറച്ചുനാളു ആ സ്കൂളില്‍ പഠിപ്പിച്ചതല്ലെ. പക്ഷെ മാഷിനു പറ്റിയ നല്ല ഒഴിവൊന്നും ഉണ്ടാവുമെന്നു തോന്നുന്നില്ല.

അതൊന്നും സാരമില്ല... വല്ല ഡ്രില്ലൊ, മ്യൂസിക്കൊ, ഡ്രോയിങ്ങൊ വല്ലതും മതി.. കുറഞ്ഞപക്ഷം തൊഴുത്തിക്കുത്തുണ്ടാകാതിരുന്നാ മതി. ഒരു രക്ഷേം ഇല്ലെങ്കില്‍ സ്വന്തമായിട്ടു പുതിയ ഒരു സ്കൂളങ്ങു തുറന്നാലോന്നും വിചാരിക്കുവാ... പക്ഷെ ഇന്നത്തെക്കാലത്ത് പിള്ളാരെക്കിട്ടാ‍നാ പാട്.

അങ്ങനെ ചുമ്മാതൊന്നും പിള്ളാരെക്കിട്ടത്തില്ല മാഷെ.. കുറച്ചു മെനക്കെടണം. പിന്നെ കൊടേം, വടിം , പുസ്തകോം ബാഗുമൊക്കെ കൊടുക്കാമെന്നു പറഞ്ഞാല്‍ ചിലപ്പൊ കിട്ടിയേക്കും!

അങ്ങനെങ്കില്‍ അങ്ങനെ . ആന മെലിഞ്ഞൂന്നു കരുതി സ്വയം തൊഴുത്തില്‍ക്കേറി നില്‍ക്കുകേലല്ലൊ!!!

ഒക്കെ നടക്കും... മാഷു ധൈര്യമായിട്ടു പോയാട്ടെ.............

ശരി അപ്പൊ... ഞാനിറങ്ങുവാ.... വീണ്ടും കാണാം ... മിക്കവാറും പെട്ടന്നു തന്നെ !!!


Monday, June 8, 2009

ഗുണ്ടാ സമ്മേളനവും ശക്തി പ്രകടനവും !!!കേരളത്തില്‍ ഗുണ്ടകള്‍ക്കെതിരായി വര്‍ധിച്ചുവരുന്ന ആക്രമണങ്ങളില്‍ പ്രതിക്ഷേധം രേഖപ്പെടുത്തുവാനും ഒപ്പം ഗുണ്ടകളുടെ ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാരിനെ ധരിപ്പിക്കുന്നതിനും വേണ്ടി അഖില കേരള ക്വൊട്ടേഷന്‍ സംഘത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലെ മൊത്തം ഗുണ്ടകളെയും സംഘടിപ്പിച്ചുകൊണ്ട് ഒരു ഗുണ്ടാസമ്മേളനവും ശക്തി പ്രകടനവും നടത്താന്‍ തീരുമാനമായി.

തിരുവനന്തപുരത്ത് വച്ച് ജൂണ്‍ 30ന് നടത്താന്‍ തീരുമാനിച്ച ഈ വന്‍ സമ്മേളനത്തില്‍ കേരളത്തിലങ്ങോളാമിങ്ങോളമുള്ള ഗുണ്ടകള്‍ പങ്കെടുക്കും.
അഖില കേരള ക്വൊട്ടേഷന്‍ സംഘ് ചെയര്‍മാന്‍ ശ്രീ.വടിവാള്‍ പപ്പന്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത പ്രത്യേക പത്രസമ്മേളനത്തിലാണ് സംഘടനാതീരുമാനം വിശദീകരിച്ചത്.

മാന്യമായി ക്വൊട്ടേഷന്‍ നടത്തി ജീവിക്കാന്‍ വയ്യാത്ത സ്ഥിതിയാണ് കേരളത്തി്ലിപ്പോള്‍ സംജാതമായിട്ടുള്ളതെന്നും; അനാവശ്യമായ കോടതി ഇടപെടലുകളും ,ചില പോലീസുദ്യോഗസ്ഥര്‍ സംഘം ചേര്‍ന്നു നടത്തുന്ന വേട്ടായാടലുകളും, കേരളത്തില്‍ ഗുണ്ടകളുടെ ജീവിതം ദുസഹവും ദുരിതപൂര്‍ണ്ണവുമാക്കിത്തീര്‍ത്തിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഭരണ- പ്രതിപക്ഷങ്ങള്‍ ഒരേപോലെ വിവിധ ആവശ്യങ്ങള്‍ക്കായി ഞങ്ങളെ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ആവശ്യം കഴിഞ്ഞാല്‍ വെറും കറിവേപ്പിലകളുടെ സ്ഥാനം മാത്രമാണ് ഞങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞും. ഇവര്‍ക്കുവേണ്ടി ചെയ്തുകൂട്ടുന്ന അക്രമങ്ങളുടെ അന്വേഷണം നടന്നാല്‍ തങ്ങള്‍ക്ക് ഒളിവില്പോകേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും ,സ്വന്തം മുഖം രക്ഷിക്കാന്‍ വേണ്ടി തങ്ങളെ എപ്പോള്‍ വേണമെങ്കിലും ഇവര്‍ തള്ളിപ്പറയാമെന്നും അദ്ദേഹം പറഞ്ഞു.
ചുരുക്കം ചില രാഷ്ട്രീയക്കാര്‍ മാത്രമാണ് ഇതിനൊരപവാദമായിട്ടുള്ളത്. ഇവര്‍ മാത്രമാണ് തങ്ങള്‍ പറഞ്ഞ വാക്കു പാലിക്കുന്നതും സംരക്ഷണം നല്‍കുന്നതും.

ഗുണ്ടാനിയമം നടപ്പിലാക്കനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളില്‍ ശ്രീ. പപ്പന്‍ ഉത്ഖണ്ഡ രേഖപ്പെടുത്തി.
ഇത്തരം തീരുമാനങ്ങള്‍ വളരെ നിര്‍ഭാഗ്ഗ്യകരമാണ്. ഇതു ചിലര്‍ സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി നടത്തുന്ന ഗൂഡ്ഡാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഖില കേരള ക്വൊട്ടേഷന്‍ സംഘ് സെക്രട്ടറി ശ്രീ: വെട്ടിക്കൂട്ടത്തില്‍ സജിയും തന്റെ ആശങ്കകള്‍ പത്രസമ്മേളനത്തില്‍ പ്രകടിപ്പിക്കുകയുണ്ടായി. കേരളത്തിലെ ക്രമസമാധാ‍നം പാടെ തകര്‍ന്നെന്നും . ഗുണ്ടാപ്പിരിവു നടത്താനോ, പട്ടാപ്പകല്‍ ഒരാളെ നടുറോഡില്‍ വെട്ടിവീഴ്ത്താനോ സാധിക്കാത്ത ഒരന്തരീക്ഷമാണ് ഇന്ന് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ ഗണത്തില്‍പ്പെട്ട, ഞങ്ങളെപ്പോലെ തന്നെ കഷ്ടപ്പെട്ട് കഞ്ഞീം വെള്ളോം കുടിച്ചു കഴിഞ്ഞുകൂടുന്ന പാവം കള്ളവാറ്റുകാര്‍, സ്പിരിറ്റ് കടത്തുകാര്‍ ,മണലുവാരുകാര്‍ എന്നിവരുടെ കാര്യവും കഷ്ടത്തിലാണ്.
അവര്‍ക്കും കൂടിയാണ് ഞങ്ങളുടെ ഈ സഹനസമരം.
എന്തായാലും തിരുവനന്തപുരത്തുവച്ചു നടത്തുന്ന ശക്തിപ്രകടനത്തില്‍ തങ്ങളുടെ എല്ലാ ആവശ്യങ്ങളുമുന്നയിക്കുമെന്ന് അദ്ദേഹമറിയിച്ചു.

ശ്രീ.വെട്ടിക്കൂട്ടത്തില്‍ സജി തങ്ങളുടെ തിരുവനന്തപുരം സമ്മേളനത്തെപ്പറ്റി കൂടുതല്‍ വിശദീകരിച്ചു.
കേരളത്തിന്റെ പലഭാഗത്തുനിന്നായി എത്തിച്ചേരുന്ന ഗുണ്ടാസംഘങ്ങള്‍ ചെറു ജാഥകളായി വന്ന് പുത്തരിക്കണ്ടം മൈതാനിയില്‍ ഒത്തുചെരുന്നതായിരിക്കും. അവിടെ വച്ചു നടത്തുന്ന പൊതുസമ്മേളനത്തില്‍ ഞങ്ങള്‍ ആയിരങ്ങളെ അഭിസംബോധന ചെയ്ത് തീരുമാനങ്ങള്‍ അറിയിക്കും.
അതിനുശേഷം ആയിരക്കണക്കിനു വരുന്ന പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന് മെഴുകുതിരിയും വടിവാളുമേന്തി സെക്രട്ടേറിയേറ്റിലേക്കൊരു സമാധാന റാലി. അവിടെയെത്തി ഞങ്ങളുന്നയിക്കാന്‍ പോകുന്ന പ്രധാന ആവശ്യങ്ങള്‍ ഇവയാണ്....

1. ഗുണ്ടകളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക.

2. സ്വയരക്ഷക്കു വേണ്ടി തോക്ക്,വാള്‍,ബോംബ് എന്നിവ കൈവശം വക്കാനുള്ള ലൈസന്‍സ് അനുവദിക്കുക.

3.ക്വൊട്ടേഷനുകള്‍ക്ക് കുറഞ്ഞകൂലി ഏര്‍പ്പെടുത്തുക.

4.ഗുണ്ടാനിയമത്തിനു പകരം ഗുണ്ടാസംവരണം കൊണ്ടുവരിക.

5.അവശഗുണ്ടകള്‍ക്കും ‘ഓപ്പറേഷനു’കളില്‍ അംഗഭംഗം വന്നവര്‍ക്കും പെന്‍ഷന്‍ ഏര്‍പ്പെടുത്തുക.

ഇതു സാധാരണ തുക്കടാ രാഷ്ട്രീയക്കാരുടെ സമ്മേളനം പോലെ ബിരിയാണിപ്പൊതി കൊടുത്തും, ടൂറിസ്റ്റ് ബസയച്ചും ആളെക്കൂട്ടുന്ന അറുവളിപ്പന്‍ പരിപാടിയല്ല . ഞങ്ങളെ വിദഗ്ധമായി ഉപയോഗിച്ചശേഷം ഒരു പ്രതിസന്ധിഘട്ടത്തില്‍ തിരിഞ്ഞുനോക്കാതെ സ്വന്തം മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്ന എല്ലാ രാഷ്ട്രീയക്കാരെയും പാഠം പഠിപ്പിക്കാനുള്ള ശ്രമമാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ ഗുണ്ടാസംഘം ഒരു കനത്ത വോട്ടുബാങ്കായി മാറുമെന്നും അദ്ദേഹമറിയിച്ചു.

നാളെ നടക്കാനിരിക്കുന്ന ഗുണ്ടകളുടെ 'പാര്‍ലമെന്റു മാര്‍ച്ച് ' ഉത്ഘാടനം ചെയ്യാന്‍ അടിയന്തിരമായി ഡെല്‍ഹിക്കു പോകണ്ടിവന്നതിനാല്‍‍, തീരുമാനിച്ചതിലും മുന്‍പു തന്നെ പത്രസമ്മേളനമവസാനിപ്പിച്ച് ശ്രീ. പപ്പനും സംഘവും മടങ്ങി.
പത്രസമ്മേളനത്തിനിടെ അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ച ബി.ബി.സി.യുടെയും റോയിറ്റേഴ്സിന്റെയും രണ്ട് പത്രപ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റതൊഴിച്ചാല്‍ പത്രസമ്മേളനം വളരെ സമാധാനപരമായിരുന്നു !

സ്വ. ലേ.‍

Monday, May 25, 2009

ഇടതുപക്ഷ കായികമേള തിരുവനന്തപുരത്തു വച്ച്

ഇടതുപക്ഷ മുന്നണി ഇത്തവണത്തെ സംസ്ഥാനതല കായികമേള ജൂണ്‍ 20 ന് തിരുവനന്തപുരത്തുവച്ച് നടത്താന്‍ തീരുമാനിച്ചു.

മൂന്ന് വിഭാഗങ്ങളായിത്തിരിച്ചാണ് മത്സരങ്ങളെല്ല്ലാം. ജൂനിയര്‍,സീനിയര്‍ പിന്നെ തൊഴിലാളി സംഘടന എന്നീ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ് . സംസ്ഥാനതലത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവരെ മാത്രമെ അടുത്ത മാസം കേന്ദ്രത്തില്‍ നടക്കുന്ന കായികമേളയിലേക്ക് പരിഗണിക്കുകയുള്ളു .

കാര്യപരിപാടികള്‍ ചുവടെ ചേര്‍ക്കുംവിധം.....

രാവിലെ 9:00 മണിക്ക് പാര്‍ട്ടിപ്പതാകയുയര്‍ത്തല്‍.

പതാകയുയര്‍ത്തലിനു ശേഷം എല്ലാവര്‍ക്കും പരിപ്പുവടയും ചായയും ഉണ്ടായിരിക്കുന്നതാണ്.
ചായ സല്‍ക്കാരത്തിനു ശേഷം കായിക മത്സരങ്ങള്‍ ആരംഭിക്കുന്നതാണ്.

9:10 ന് കാലുവാ‍രല്‍ (ജൂനിയര്‍ ,സീനിയര്‍, തൊഴിലാളികള്‍ എന്നിവര്‍ക്ക് അതാത് വിഭാഗങ്ങളില്‍ മത്സരിക്കാവുന്നതാണ്.)

9:30 ന് കുതികാല്‍ വെട്ട് .

9:45 മുതല്‍ വെട്ടിനിരത്തല്‍. (2 ഏക്കര്‍ 4 ഏക്കര്‍ എന്നീ വിഭാഗങ്ങളില്‍ മത്സരം ഉണ്ടായിരിക്കുന്നതാണ്.)

10:30 നു തെറിയഭിഷേകം. (സ്പെഷ്യല്‍ ജഡ്ജ് : ദേവസ്വം മന്ത്രി ; ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍‍ക്കൊ സുഹൃത്തുക്കള്‍ക്കോ ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ അവക്കാശമുണ്ടായിരിക്കുന്നതല്ല)

11:00 നു , തട്ടിക്കോണ്ടു പോകല്‍ . ജൂനിയേഴ്സിനും സീനിയെഴ്സിനും മാത്രം.
(കുറഞ്ഞത് ഒരു പഞ്ചായത്ത് പ്രസിഡന്റിനെയെങ്കിലും തട്ടിക്കൊണ്ട് പോയെങ്കിലെ മെഡലിനു പരിഗണിക്കുകയുള്ളു. പൂതാടിയില്‍ നിന്നുള്ള സഖാക്കള്‍ മത്സരിക്കേണ്ടതില്ല.)

12:00 മുതല്‍ പോലീസ് സ്റ്റേഷന്‍ ആക്രമണവും പ്രതികളെ മോചിപ്പിക്കലും .

12:30 ന് ബക്കറ്റ് പിരിവ്.

പിരിച്ചു കിട്ടുന്ന തുകയില്‍ ബാക്കി വല്ലതുമുണ്ടെങ്കില്‍ 1:00 മുതല്‍ സമൂഹ സദ്യ.

1:30 മുതല്‍ വിമതര്‍ക്കു നേരെയുള്ള കടന്നുകയറ്റം.

2:00 ന് ബൂത്ത് പിടിത്തം.

3:00 മണിക്ക് വടംവലി മത്സരം ;കുറ്റവിമുക്തരാക്കപ്പെട്ടവരും കുറ്റവിമുക്തരാക്കപ്പെടാത്തവരും തമ്മില്‍.

(കുറ്റവിമുക്തരാക്കപ്പെട്ടവരുടെ ടീം ക്യാപ്റ്റ്ന്‍ ഔസേപ്പച്ചായന്‍
കുറ്റവിമുക്തരാക്കപ്പെടാത്തവരുടെ ടീം ക്യാപ്റ്റന്‍ സഖാവ് ഇണങ്ങാറായി)


3:00 മണി മുതല്‍ നോക്കു കൂലി പിരിക്കല്‍ (തൊഴിലാളികള്‍ക്കു മാത്രം.)

3:30 ന് സ്ത്രീപീഡനക്കാരെ കയ്യാമം വപ്പിച്ചു നടത്തല്‍ 400മീറ്റര്‍. (സ്പെഷല്‍ ജഡ്ജ് അച്ചുമ്മാന്‍.)

5:30 മുതല്‍ വിവിധ ഗെയിംസുകള്‍ ഉണ്ടായിരിക്കുന്നതാണ്.

ആദ്യമായി കസേരകളി.

കസേരകളിക്കു ശേഷം ലക്ഷ്യത്തില്‍ ബോംബേറ്, വിരലിലെ മഷിമായ്കല്‍ എന്നീ മത്സരങ്ങളും നടത്തപ്പെടുന്നതാണ്.

(ഒരു മിനിറ്റിനകം ഏറ്റവും കൂടുതല്‍ വിരലുകളിലെ മഷി മായ്ക്കുന്നവരെയാണ് സമ്മാനാര്‍ഹരായി തിരഞ്ഞെടുക്കുക.
മഷി മായ്ക്കാനുള്ള ദ്രാവകങ്ങള്‍ മത്സരാര്‍ത്ഥികള്‍ തന്നെ കൊണ്ടുവരേണ്ടതാണ്)

രാത്രി 7:00 മുതല്‍ മത്സരാര്‍ത്ഥികളവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളുണ്ടായിരിക്കുന്നതാണ്.

രാത്രി 8:00 മണിമുതല്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അവതരിപ്പിക്കുന്ന കൂട്ടത്തല്ലും പൂരപ്പാട്ടും. പൂരപ്പാട്ടോടൂകൂടി ഈ വര്‍ഷത്തെ കായികമേളക്കു തിരശീല വീഴുന്നതാണ്.

ഈ മത്സരങ്ങളില്‍ പങ്കെടുക്കാല്‍ താല്‍പ്പര്യമുള്ള സഖാക്കള്‍ ജൂണ്‍ 10നു മുന്‍പായി അവരവരുടെ ലോക്കല്‍ പാര്‍ട്ടിയാഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കേണ്ടതാണ്.

കൂടാതെ ഈ നോട്ടീസില്‍ പറഞ്ഞിരിക്കുന്നതിലുപരിയായി എന്തെങ്കിലും മത്സരങ്ങള്‍ പരിപാടികളിലുള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ആ വിവരം ആതാതു പാര്‍ട്ടിയാഫീസില്‍ മെയ് 30ന് മുന്‍പായി അറിയിച്ചിരിക്കണ്ടതാണ്.
Sunday, May 17, 2009

‘ശേഷാഭിമാനി’ ഫലപ്രഖ്യാപനദിന സായാഹ്ന പത്രംപ്രത്യേക അറിയിപ്പ്..

തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതു പ്രമാണിച്ച് പത്രാമാഫീസിനു അവധിയായതിനാല്‍ (പ്രത്യേകിച്ചു പണിയൊന്നുമില്ലാത്തതുകൊണ്ട്) നാളെയും ,മറ്റെന്നാളും പത്രം പ്രസിധീ‍കരിക്കുന്നതല്ല.

എഡിറ്റര്‍.