Monday, June 8, 2009

ഗുണ്ടാ സമ്മേളനവും ശക്തി പ്രകടനവും !!!



കേരളത്തില്‍ ഗുണ്ടകള്‍ക്കെതിരായി വര്‍ധിച്ചുവരുന്ന ആക്രമണങ്ങളില്‍ പ്രതിക്ഷേധം രേഖപ്പെടുത്തുവാനും ഒപ്പം ഗുണ്ടകളുടെ ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാരിനെ ധരിപ്പിക്കുന്നതിനും വേണ്ടി അഖില കേരള ക്വൊട്ടേഷന്‍ സംഘത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലെ മൊത്തം ഗുണ്ടകളെയും സംഘടിപ്പിച്ചുകൊണ്ട് ഒരു ഗുണ്ടാസമ്മേളനവും ശക്തി പ്രകടനവും നടത്താന്‍ തീരുമാനമായി.

തിരുവനന്തപുരത്ത് വച്ച് ജൂണ്‍ 30ന് നടത്താന്‍ തീരുമാനിച്ച ഈ വന്‍ സമ്മേളനത്തില്‍ കേരളത്തിലങ്ങോളാമിങ്ങോളമുള്ള ഗുണ്ടകള്‍ പങ്കെടുക്കും.
അഖില കേരള ക്വൊട്ടേഷന്‍ സംഘ് ചെയര്‍മാന്‍ ശ്രീ.വടിവാള്‍ പപ്പന്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത പ്രത്യേക പത്രസമ്മേളനത്തിലാണ് സംഘടനാതീരുമാനം വിശദീകരിച്ചത്.

മാന്യമായി ക്വൊട്ടേഷന്‍ നടത്തി ജീവിക്കാന്‍ വയ്യാത്ത സ്ഥിതിയാണ് കേരളത്തി്ലിപ്പോള്‍ സംജാതമായിട്ടുള്ളതെന്നും; അനാവശ്യമായ കോടതി ഇടപെടലുകളും ,ചില പോലീസുദ്യോഗസ്ഥര്‍ സംഘം ചേര്‍ന്നു നടത്തുന്ന വേട്ടായാടലുകളും, കേരളത്തില്‍ ഗുണ്ടകളുടെ ജീവിതം ദുസഹവും ദുരിതപൂര്‍ണ്ണവുമാക്കിത്തീര്‍ത്തിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഭരണ- പ്രതിപക്ഷങ്ങള്‍ ഒരേപോലെ വിവിധ ആവശ്യങ്ങള്‍ക്കായി ഞങ്ങളെ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ആവശ്യം കഴിഞ്ഞാല്‍ വെറും കറിവേപ്പിലകളുടെ സ്ഥാനം മാത്രമാണ് ഞങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞും. ഇവര്‍ക്കുവേണ്ടി ചെയ്തുകൂട്ടുന്ന അക്രമങ്ങളുടെ അന്വേഷണം നടന്നാല്‍ തങ്ങള്‍ക്ക് ഒളിവില്പോകേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും ,സ്വന്തം മുഖം രക്ഷിക്കാന്‍ വേണ്ടി തങ്ങളെ എപ്പോള്‍ വേണമെങ്കിലും ഇവര്‍ തള്ളിപ്പറയാമെന്നും അദ്ദേഹം പറഞ്ഞു.
ചുരുക്കം ചില രാഷ്ട്രീയക്കാര്‍ മാത്രമാണ് ഇതിനൊരപവാദമായിട്ടുള്ളത്. ഇവര്‍ മാത്രമാണ് തങ്ങള്‍ പറഞ്ഞ വാക്കു പാലിക്കുന്നതും സംരക്ഷണം നല്‍കുന്നതും.

ഗുണ്ടാനിയമം നടപ്പിലാക്കനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളില്‍ ശ്രീ. പപ്പന്‍ ഉത്ഖണ്ഡ രേഖപ്പെടുത്തി.
ഇത്തരം തീരുമാനങ്ങള്‍ വളരെ നിര്‍ഭാഗ്ഗ്യകരമാണ്. ഇതു ചിലര്‍ സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി നടത്തുന്ന ഗൂഡ്ഡാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഖില കേരള ക്വൊട്ടേഷന്‍ സംഘ് സെക്രട്ടറി ശ്രീ: വെട്ടിക്കൂട്ടത്തില്‍ സജിയും തന്റെ ആശങ്കകള്‍ പത്രസമ്മേളനത്തില്‍ പ്രകടിപ്പിക്കുകയുണ്ടായി. കേരളത്തിലെ ക്രമസമാധാ‍നം പാടെ തകര്‍ന്നെന്നും . ഗുണ്ടാപ്പിരിവു നടത്താനോ, പട്ടാപ്പകല്‍ ഒരാളെ നടുറോഡില്‍ വെട്ടിവീഴ്ത്താനോ സാധിക്കാത്ത ഒരന്തരീക്ഷമാണ് ഇന്ന് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ ഗണത്തില്‍പ്പെട്ട, ഞങ്ങളെപ്പോലെ തന്നെ കഷ്ടപ്പെട്ട് കഞ്ഞീം വെള്ളോം കുടിച്ചു കഴിഞ്ഞുകൂടുന്ന പാവം കള്ളവാറ്റുകാര്‍, സ്പിരിറ്റ് കടത്തുകാര്‍ ,മണലുവാരുകാര്‍ എന്നിവരുടെ കാര്യവും കഷ്ടത്തിലാണ്.
അവര്‍ക്കും കൂടിയാണ് ഞങ്ങളുടെ ഈ സഹനസമരം.
എന്തായാലും തിരുവനന്തപുരത്തുവച്ചു നടത്തുന്ന ശക്തിപ്രകടനത്തില്‍ തങ്ങളുടെ എല്ലാ ആവശ്യങ്ങളുമുന്നയിക്കുമെന്ന് അദ്ദേഹമറിയിച്ചു.

ശ്രീ.വെട്ടിക്കൂട്ടത്തില്‍ സജി തങ്ങളുടെ തിരുവനന്തപുരം സമ്മേളനത്തെപ്പറ്റി കൂടുതല്‍ വിശദീകരിച്ചു.
കേരളത്തിന്റെ പലഭാഗത്തുനിന്നായി എത്തിച്ചേരുന്ന ഗുണ്ടാസംഘങ്ങള്‍ ചെറു ജാഥകളായി വന്ന് പുത്തരിക്കണ്ടം മൈതാനിയില്‍ ഒത്തുചെരുന്നതായിരിക്കും. അവിടെ വച്ചു നടത്തുന്ന പൊതുസമ്മേളനത്തില്‍ ഞങ്ങള്‍ ആയിരങ്ങളെ അഭിസംബോധന ചെയ്ത് തീരുമാനങ്ങള്‍ അറിയിക്കും.
അതിനുശേഷം ആയിരക്കണക്കിനു വരുന്ന പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന് മെഴുകുതിരിയും വടിവാളുമേന്തി സെക്രട്ടേറിയേറ്റിലേക്കൊരു സമാധാന റാലി. അവിടെയെത്തി ഞങ്ങളുന്നയിക്കാന്‍ പോകുന്ന പ്രധാന ആവശ്യങ്ങള്‍ ഇവയാണ്....

1. ഗുണ്ടകളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക.

2. സ്വയരക്ഷക്കു വേണ്ടി തോക്ക്,വാള്‍,ബോംബ് എന്നിവ കൈവശം വക്കാനുള്ള ലൈസന്‍സ് അനുവദിക്കുക.

3.ക്വൊട്ടേഷനുകള്‍ക്ക് കുറഞ്ഞകൂലി ഏര്‍പ്പെടുത്തുക.

4.ഗുണ്ടാനിയമത്തിനു പകരം ഗുണ്ടാസംവരണം കൊണ്ടുവരിക.

5.അവശഗുണ്ടകള്‍ക്കും ‘ഓപ്പറേഷനു’കളില്‍ അംഗഭംഗം വന്നവര്‍ക്കും പെന്‍ഷന്‍ ഏര്‍പ്പെടുത്തുക.

ഇതു സാധാരണ തുക്കടാ രാഷ്ട്രീയക്കാരുടെ സമ്മേളനം പോലെ ബിരിയാണിപ്പൊതി കൊടുത്തും, ടൂറിസ്റ്റ് ബസയച്ചും ആളെക്കൂട്ടുന്ന അറുവളിപ്പന്‍ പരിപാടിയല്ല . ഞങ്ങളെ വിദഗ്ധമായി ഉപയോഗിച്ചശേഷം ഒരു പ്രതിസന്ധിഘട്ടത്തില്‍ തിരിഞ്ഞുനോക്കാതെ സ്വന്തം മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്ന എല്ലാ രാഷ്ട്രീയക്കാരെയും പാഠം പഠിപ്പിക്കാനുള്ള ശ്രമമാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ ഗുണ്ടാസംഘം ഒരു കനത്ത വോട്ടുബാങ്കായി മാറുമെന്നും അദ്ദേഹമറിയിച്ചു.

നാളെ നടക്കാനിരിക്കുന്ന ഗുണ്ടകളുടെ 'പാര്‍ലമെന്റു മാര്‍ച്ച് ' ഉത്ഘാടനം ചെയ്യാന്‍ അടിയന്തിരമായി ഡെല്‍ഹിക്കു പോകണ്ടിവന്നതിനാല്‍‍, തീരുമാനിച്ചതിലും മുന്‍പു തന്നെ പത്രസമ്മേളനമവസാനിപ്പിച്ച് ശ്രീ. പപ്പനും സംഘവും മടങ്ങി.
പത്രസമ്മേളനത്തിനിടെ അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ച ബി.ബി.സി.യുടെയും റോയിറ്റേഴ്സിന്റെയും രണ്ട് പത്രപ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റതൊഴിച്ചാല്‍ പത്രസമ്മേളനം വളരെ സമാധാനപരമായിരുന്നു !

സ്വ. ലേ.‍