ഹല്ല.. ഇതാരു അച്ചുമാഷൊ?
അതെ ഞാന്‍ തന്നെ...
എന്താണാവൊ ഈ വഴിക്കൊക്കെ?
ഞാനിവിടടുത്തൊരു പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാന്‍ വന്നതാ..
അതാരുടെയാ ?
നമ്മടെ ഗൌരി ടീച്ചറില്ലില്ലെ.... അവരുടെ...
പണ്ടു ഞങ്ങളൊരുമിച്ചൊരു സ്കൂളിലല്ലെ പഠിപ്പിച്ചിരുന്നെ.
ആ... പറഞ്ഞപോലെ ശരിയാണല്ലൊ നിങ്ങളു സഹപ്രവര്ത്തകരാണല്ലൊ...ശെരി ചെന്നാട്ടെ
...........................................
ആഹാ പറഞ്ഞതുപോലെതന്നെ സമയത്തെത്തിയല്ലൊ.... വരണം വരണം. കയറി വരണം.
എത്ര നാളായി ഇങ്ങോട്ടൊക്കെ വന്നിട്ട്.
അതെയതെ..... സമയം കിട്ടണ്ടെ ഗൌരി ടീച്ചറെ.
അപ്പൊ ആദ്യം തന്നെ എന്റെ ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍........
നന്ദി മാഷെ നന്ദി......
ഇടക്കൊക്കെ ഒന്നു ഫോണ്‍ വിളിച്ചുകൂടെ മാഷെ?
അയ്യൊ .. ഫോണ്‍ വിളി ഞാന്‍ നിര്‍ത്തിയതാ.... ഈയിടെ ഒരുത്തനെന്റെ ശബ്ദത്തില്‍ നമ്മടെ സ്കൂളിനടുത്ത് പാരലല്‍ കോളേജ് നടത്തുന്ന സുകുമാരനെ വിളിച്ചേതാണ്ട് തെറിപറഞ്ഞ് ആകെ കൊളമാക്കി.
അച്ചുമാഷിപ്പൊ നമ്മടെ പഴയ സ്കൂളില്‍ ഹെഡ് മാസ്റ്ററായി അല്ലെ?
ആ ..അതെ.... അങ്ങനാണെന്നാണു വെപ്പു !
അയ്യൊ അതെന്താ ഒരുമാതിരി??
അല്ല ഹെഡ് മാസ്റ്ററൊക്കെയാണെങ്കിലും പിള്ളേര്‍ക്കും മറ്റധ്യാപകര്ക്കുമൊന്നും പണ്ടത്തെപ്പോലൊരു ബഹുമാനമില്ല . എല്ലാ സാറുമ്മാര്‍ക്കും ഹെഡിന്റെ കസേരേലോട്ടാ നോട്ടം.
മാനേജര്‍മ്മാരും കലിപ്പിലാ... ഇത്തവ്വണത്തെ ദേശീയ കായികമേളയിലും ഞങ്ങടെ പിള്ളേര്‍ക്ക് കാര്യമായിട്ട് സമ്മാനങ്ങളൊന്നും കിട്ടിയില്ലല്ലൊ. ആകെ നാലു മെഡലാ കിട്ടിയത്.
അക്കാര്യത്തില്‍ നിങ്ങടെ സ്ക്കൂളിനു നല്ല വിജയമല്ലാരുന്നൊ ഇത്തവണ.
ആ സാമ്പാറും മോരുകറീം ഇങ്ങെടുത്തുവക്ക് പിള്ളേരെ. അച്ചുമാഷെ ചോറു കൊറച്ചൂടിടട്ടെ.
ഇപ്പൊ വേണ്ട പറയാം.
ആ ആക്കാര്യം മാഷു പറഞ്ഞതു ശെരിയാ... നമ്മടെ പിള്ളേര്ക്കിത്തവണ കൊറെ മെഡലുകിട്ടി.ഒള്ളത് പറയണമല്ലൊ, പ്രധാന എതിരാളികളായ നിങ്ങളുതന്നാ അതിനു പരോക്ഷമായിട്ടു സഹായിച്ചത്.
ഞങ്ങടെ സ്കൂളിലെ A ഡിവിഷന്‍കാരും B ഡിവിഷന്‍കാരും തമ്മില്‍ സ്തിരം തല്ലല്ലെ.... അവര്‍ പരിശീലനത്തിനൊന്നും പോകാതെ പരസ്പരം കടിച്ചുകീറി ഹെഡ് മാസ്റ്ററേം തെറി വിളിച്ചു നടന്നു. അവസാനം എന്തായി ആ അവസം മൊതലാക്കി നിങ്ങടെ സ്ക്കൂളുകാരു മെഡലുമൊത്തം അടിച്ചോണ്ടുപോയി!
അതെ അതാണു ശരി.
മാഷു മീന്‍ കഴിക്കത്തില്ലെ.... ദേ ഇതെലൊരു കഷണം കഴിച്ചാട്ടെ.
ഞാന്‍ മീന്‍ കൂട്ടുന്നത് നിര്‍ത്തിയിരുന്നതാ. എന്നാലും ഗൌരി ടീച്ചര്‍ പറഞ്ഞോണ്ട് ഒരു കഷണം കഴിച്ചെക്കാം... എന്തു മീനാ ഇത്?
ഇത് നമ്മടേ കിണറ്റിത്തന്നെ വളത്തുന്ന മീനാ... പേരു കിണറായി....
ഹൊ ഒരുമാതിരി അശ്രീകരം പിടിച്ച പേരുപോലെ തോന്നുന്നു.... ഇവിടുത്തെ പൊട്ടക്കിണറ്റിലാരിക്കും വളര്‍ത്തുന്നെ അല്ലെ?
ആ... സൂക്ഷിച്ചു തിന്നണെ.. നല്ല മുള്ളാ... തൊണ്ടേ കുടുങ്ങരുതു !
ഓ പിന്നെ വാരിക്കുന്തവുമായി നടന്നുപരിചയമുള്ള നമ്മളെയാ മീമ്മുള്ളു കാണീച്ചു പേടിപ്പിക്കുന്നെ. ഒന്നു പോ ടീച്ചറെ.
ഇങ്ങനെ പോയാലടുത്ത സംസ്ഥാന കായികമേളയിലും ഞങ്ങക്ക് കാര്യമായിട്ടു മെഡലൊന്നും കിട്ടുമെന്നു തോന്നുന്നില്ല.
അതെയതെ ഈ തങ്ങളിത്തല്ലൊന്നു നിര്‍ത്തീട്ടു വേണമല്ലൊ കായികമേളക്കു തയാറെടുക്കാന്‍.
എന്റെ സ്ക്കൂളിലിതുവരെ കുഴപ്പമൊന്നുമില്ല , പക്ഷെ ഇനി സംസ്ഥാന കായികമേളക്ക് കുറെ മെഡലൊക്കെക്കിട്ടിയാല് ചിലപ്പൊ തല്ലും പിടീം ആവുമെന്നാ തോന്നുന്നെ.
മാഷു ഊണുകഴിച്ചു കഴിഞ്ഞൊ... കൊറച്ചൂടെ കഴിച്ചാട്ടെ...
മതി ടീച്ചറെ മതി.... ഇപ്പൊ പണ്ടത്തെപ്പോലെ വിശപ്പില്ല.. എന്നും സ്കൂളിചെന്നവിടത്തെ അന്തരീക്ഷം കാണുമ്പൊഴെ വയറു നിറയും. ഇപ്പൊ അസംബ്ലില് പോലും ആര്‍ക്കും അച്ചടക്കമില്ല. തെറിവിളിം തല്ലുമാ അവിടെം.
അന്നാ എണീറ്റു കൈകഴുകിക്കാട്ടെ.
ടീച്ചറെ ഈക്കാണുന്ന പച്ചക്കറിത്തോട്ടമൊക്കെ ഇവിടുത്തെയാണോ?
പിന്നല്ലാതെ.. ഓ വല്ല്യ ഗുണമൊന്നുമില്ല ഭയങ്കര കീടശല്യമാ.
ഓ ... ഇവിടേമൊണ്ടോ കീടം... ഞാന്‍ കരുതി ഞങ്ങടെ പള്ളിക്കൂടത്തിന്റെ തോട്ടത്തില്‍ മാത്രമെയുള്ളൂന്ന് !!!
സദ്യ കുശാലായി ടീച്ചറെ..... ഇനി അധികം ഇരിക്കുന്നില്ല. സമയമില്ലാത്തോണ്ടാ.
അല്ല എന്താ ഇത്ര തിടുക്കം? അല്പം ഇരുന്നിട്ടുപോകാം.
സ്കൂളിന്റെ മാനേജരൊരു മീറ്റിങ്ങ് വിളിച്ചിട്ടുണ്ട് ;അവിടത്തെ പ്രശ്നങ്ങളൊക്കെയൊതുക്കാന് വേണ്ടീട്ട്.
അധികകാലം അവിടെ തുടരാന്‍ പറ്റും എന്നു തോന്നുന്നില്ല. സത്യവും ധര്‍മ്മവുമൊക്കെ ഇപ്പൊ ധര്‍മ്മക്കാര്‍ക്കു പോലും വേണ്ടാതായി. അവന്മാരു പുറത്താക്കുന്നതിനു മുന്‍പെ സ്കൂളു വിടുന്നതാരിക്കും നല്ലതെന്നാ തോന്നുന്നെ.
മാഷിനു തിരക്കാണെങ്കില്‍ ഇറങ്ങിക്കോളു... പിന്നെ സ്കൂളു വിടുന്ന കാര്യം ,അതു പുറത്താക്കുന്നെനു മുന്‍പെ അവിടം വിടുന്നതു തന്നാ നല്ലത്. ആ സ്കൂളിന്റെ കാര്യം എന്നെക്കാള്‍ കൂടുതലായി വേറേയാര്ക്ക അറിയാവുന്നെ. അല്ലേല്‍ എനിക്കുപറ്റിയതു പോലെ ആകും.
അപ്പൊ ഞാന്‍ ഇറങ്ങുവാ ഗൌരി ടീച്ചറെ...... പിന്നെ ഒരു കാര്യം നിങ്ങടെ സ്കൂളില്‍ വല്ല ഒഴിവും ഉണ്ടെങ്കില്‍ പറയണെ . അവിടുന്നു പുറത്തായാല്‍ പിന്നെ വേറെ എന്തെങ്കിലും തൊഴിലു വേണമല്ലൊ.
നിങ്ങടെ മാനേജര്ക്കല്പം കൈമണി കൊടുത്തിട്ടായാലും വേണ്ടില്ല !
വല്ല ഒഴിവും വന്നാല്‍ ഞാന്‍ തീര്‍ച്ചയായും പറയാം അച്ചു മാഷെ. ഒന്നുമില്ലേലും നമ്മളൊരുമിച്ചു കുറച്ചുനാളു ആ സ്കൂളില്‍ പഠിപ്പിച്ചതല്ലെ. പക്ഷെ മാഷിനു പറ്റിയ നല്ല ഒഴിവൊന്നും ഉണ്ടാവുമെന്നു തോന്നുന്നില്ല.
അതൊന്നും സാരമില്ല... വല്ല ഡ്രില്ലൊ, മ്യൂസിക്കൊ, ഡ്രോയിങ്ങൊ വല്ലതും മതി.. കുറഞ്ഞപക്ഷം തൊഴുത്തിക്കുത്തുണ്ടാകാതിരുന്നാ മതി. ഒരു രക്ഷേം ഇല്ലെങ്കില്‍ സ്വന്തമായിട്ടു പുതിയ ഒരു സ്കൂളങ്ങു തുറന്നാലോന്നും വിചാരിക്കുവാ... പക്ഷെ ഇന്നത്തെക്കാലത്ത് പിള്ളാരെക്കിട്ടാനാ പാട്.
അങ്ങനെ ചുമ്മാതൊന്നും പിള്ളാരെക്കിട്ടത്തില്ല മാഷെ.. കുറച്ചു മെനക്കെടണം. പിന്നെ കൊടേം, വടിം , പുസ്തകോം ബാഗുമൊക്കെ കൊടുക്കാമെന്നു പറഞ്ഞാല്‍ ചിലപ്പൊ കിട്ടിയേക്കും!
അങ്ങനെങ്കില്‍ അങ്ങനെ . ആന മെലിഞ്ഞൂന്നു കരുതി സ്വയം തൊഴുത്തില്ക്കേറി നില്ക്കുകേലല്ലൊ!!!
ഒക്കെ നടക്കും... മാഷു ധൈര്യമായിട്ടു പോയാട്ടെ.............
ശരി അപ്പൊ... ഞാനിറങ്ങുവാ.... വീണ്ടും കാണാം ... മിക്കവാറും പെട്ടന്നു തന്നെ !!!
7 comments:
നല്ല കറകളഞ്ഞ ആക്ഷേപ ഹാസ്യം..ആശംസകൾ
കൊള്ളാമല്ലോ
ആക്ഷേപഹാസ്യം എന്നാല്‍ ഇങ്ങനെ വേണം
:)
neeyaanu mone.....MON....assalaayi...ni ithu kurachchu munu thudangirunnenkil ee "blog lokam" nannaayene!!!
AAsamsakal!!!
(sorry for manglish)
കൊള്ളാലോ ഗെഡീ... നീയൊന്നു ഉഷാറായിക്കെ! പോരട്ടെ ഇതുപോലെ....
:) :)
ഇത് നമ്മടേ കിണറ്റിത്തന്നെ വളത്തുന്ന മീനാ... പേരു കിണറായി....
ഭലേ ഭേഷ്
ഉഗ്രൻ പ്രയോഗം
Post a Comment