Monday, April 28, 2008

ദേവസ്വവും ദൈവങ്ങളും പിന്നെ ഞാനും

രാവിലെ തന്നെ ഗസ്റ്റ് ഹൌസിലെത്തിച്ചേര്‍ന്നു....മന്ത്രിപുംഗവന്റെ വണ്ടി വന്നൊ എന്നു നോക്കി.
ഓ വന്നിട്ടുണ്ടല്ലൊ.എന്തുപറ്റി സമയത്തും കാ‍ലത്തുമൊക്കെ എത്താന്‍ !!! മന്ത്രി പുംഗവനെ ഇന്റര്‍വ്യൂ ചെയ്യാനായി അല്പം സമയം ഇരന്നു വാങ്ങീട്ടുണ്ട്.

ഓടിച്ചെന്നു..... ആശ്വാസം മന്ത്രി റെഡിയായിട്ടിരിപ്പുണ്ട്.

നമസ്കാരം സര്‍,

മന്തിപുംഗവന്‍ : ആ നമസ്കാരം നമസ്കാരം .. എനിക്കു തീരെ സമയമില്ല ,പെട്ടന്നായ്ക്കോട്ടെ . ചോദിക്കനുള്ളതെന്താന്നുവച്ചാ ചോദിക്ക് .അല്പം കഴിഞ്ഞ് എനിക്ക് ദേവസ്വം മെമ്പര്‍മ്മാരോടൊപ്പം ഒരു മീറ്റിങ്ങുണ്ട്.

പത്രപ്ര : ഞങ്ങടെ പത്രത്തില്‍ കുറെ നാളായി സാറിന്റെ എന്തേലും വാര്‍ത്ത കൊടുത്തിട്ട്.അതുകൊണ്ടാണ് ഞാന്‍ സാറിനെ വന്നൊന്ന് കാണാമെന്നു വച്ചത് .പ്രത്യേകിച്ച് താങ്കളുടെ പുതിയ പല പരിഷ്കാരങ്ങളും ജനങ്ങളുടെ എതിര്‍പ്പിനിടയാക്കിയ ഈ സാഹചര്യത്തില്‍ .

മന്തിപുംഗവന്‍ : ജനങ്ങള്‍ക്കൊരെതിര്‍പ്പുമില്ലല്ലൊ.
നാലോ അഞ്ചോ പേര്‍ എതിര്‍ത്താലുടനെ അതിനെ ജനങ്ങള്‍ എതിര്‍ത്തു എന്നെങ്ങനെ പറയും.
പിന്നെ മറ്റൊരു കാര്യം ,ഞാന്‍ പറയുന്ന ,കാര്യങ്ങളു മാത്രേ പ്രസിധീകരിക്കാവൂ അല്ലാതെ നിങ്ങളു പത്രക്കാരു സ്ഥിരം ചെയ്യുന്നപോലെ കയ്യീന്നിട്ടു കാച്ചരുത്. കേട്ടല്ലൊ.

പതപ്ര : ഏയ് അതൊന്നുമില്ല സര്‍, അതുമല്ല ഞങ്ങളല്‍പ്പം കയ്യിന്നിട്ടു കാച്ചിയാലും ജനങ്ങള്‍ അതറിയുമെന്നു തോന്നുന്നില്ല.കാരണം സാറ് അങ്ങനെ പലതും പറയുമെന്നവര്‍ക്കറിയാം.

മന്ത്രിപു (മന്തിപുംഗവന്‍ എന്നതിന്റെ ചുരുക്കം) : ആ മതി വാചകമടിച്ചത് എന്താ ചോദിക്കാനുള്ളതെന്ന് വച്ചാ ചോദിക്ക്.

പതപ്ര : അടുത്തിടെ ഒരു പ്രമുഖ ക്ഷേത്രത്തെ ദേവസ്വത്തിന്റെ ഭരണത്തിന്‍ കീഴിലാക്കാന്‍ പോകുന്നു എന്നു കേട്ടല്ലൊ, അതിനെത്തുടര്‍ന്ന് ചില ചെറു വിവാദങ്ങളുമുണ്ടാ‍യല്ലൊ ?അതിനെക്കുറിച്ച് എന്താണു സര്‍ പറയാനുള്ളത്...

മന്ത്രിപു: അങ്ങനെ ഒരു തീരുമാനമുണ്ടായീട്ടുണ്ടേല്‍‍ അതു നടത്താനുമെനിക്കറിയാം.അല്പസ്വല്‍പ്പം വരുമാനമുള്ള അംബലങ്ങളോക്കെ ദേവസ്വത്തിനൊരു മുതല്‍ക്കൂട്ടാണെടൊ.അതില്‍ നിന്നുള്ള വരുമാനം കൊണ്ടാണല്ലൊ ക്ഷീണാവസ്ഥയിലുള്ള മറ്റു ക്ഷേത്രങ്ങളൊക്കെ നടത്തിക്കൊണ്ടു പോകുന്നത്.

പത്രപ്ര: കരക്കാരുടെയും മറ്റും നടത്തിപ്പിലുള്ള ക്ഷേത്രങ്ങളെ ,നല്ല വരുമാനമുണ്ടെന്നു കണ്ടാല്‍ ഏറ്റെടുക്കാനുള്ള ഒരു ശ്രമം ദേവസ്വത്തിന്റെ ഭാ‍ഗത്തുനിന്നുണ്ടാവാറുണ്ടെന്നും ,അതു അവിടുത്തെ വരുമാനത്തില്‍ മാത്രം കണ്ണുവച്ചിട്ടാണെന്നും ഒരു ആക്ഷേപം പരക്കെയുണ്ടല്ലൊ?

മന്ത്രിപു: ഈ പ്രചരണങ്ങള്‍ക്കെല്ലാം പിന്നില്‍ കളിക്കുന്നത് നമ്മുടെ എതിരാളികളാണ്. ഇത്തവണ ഇങ്ങനെയൊരു അഴിമതി രഹിത ഭരണം നടത്തുന്നതും,വരുമാനമുണ്ടാക്കുന്നതും സഹിക്കാനാവാത്തവര്‍.

പത്രപ്ര: സര്‍ കുറച്ചുനാള്‍ മുന്‍പ് ഒരു വിവാദ മുണ്ടായല്ലൊ.. അതായത് താങ്കള്‍ കുറെ മെമ്പേഴ്സിനെ പിരിച്ചുവിടാന്‍ തുടങ്ങിയെന്നൊ,അവരോട് രാജിയാവശ്യപ്പെട്ടു എന്നൊ മറ്റൊ ? അതിനു താങ്കള്‍ക്ക് അധികാരമില്ലെന്ന് അവര്‍ പറഞ്ഞതായും കേട്ടു.

മന്ത്രിപു: ആരു പറഞ്ഞു അധികാരമില്ലന്ന് ? എല്ലാത്തിനെം പിരിച്ചു വിടാനുള്ള അധികാരം എന്റടുത്തുണ്ട്..ഞാന്‍ അത് ചെയ്തില്ലെന്നെയുള്ളൂ.
വേണ്ടിവന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളിലെ ദൈവങ്ങളെ വരെ ഞാന്‍ പിരിച്ചുവിടും.. എന്നിട്ടു PSC വഴി പുതിയ നിയമനം നടത്തും.കാണണൊ??

പത്രപ്ര: അതെന്താ സര്‍ അങ്ങനെ... ആള്‍ ദൈവങ്ങളെ സൃഷ്ടിക്കും എന്നാണൊ താങ്കള്‍ ഉദ്ദേശിച്ചത് .?

മന്ത്രിപു: ഛെ..ഛെ അല്ല .. ആള്‍ ദൈവങ്ങളെയൊക്കെ ആരെങ്കിലും സൃഷ്ടിക്കണോ ? അവരൊക്കെ സ്വയംഭുവല്ലെ? അതുമല്ല എല്ലാവരെയും പിടിച്ചു ദൈവങ്ങളാക്കിയാല്‍ നമുക്കു ബുദ്ധിമുട്ടാവില്ലെ?

ദൈവങ്ങള്‍ക്കും പ്രവാസികള്‍ക്കും ഇവിടെ വോട്ടവകാശം ഇല്ലല്ലൊ? എല്ലാരും ദൈവങ്ങളായാല്‍ പിന്നെ അടുത്ത തിരഞ്ഞെടുപ്പിന് നമ്മക്ക് വോട്ട് കുത്തുന്നതാരാ?

പത്രപ്ര: പിന്നെ വേറെന്തൊക്കെ പരിഷ്കാരങ്ങളാണു സര്‍ വരാ‍ന്‍ പോകുന്നത് ?

മന്ത്രിപു: പിന്നെ ഒരു പ്രമുഖ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം കൊടുക്കുക എന്നുള്ളതാണ് എന്റെ മറ്റൊരു ലക്ഷ്യം.. അതുടനെ കൈവരിക്കും..

പത്രപ്ര: അങ്ങനെയൊക്കെ ചെയ്യാന്‍ ഈ ബോര്‍ഡിന്റെ മന്ത്രിക്ക് അധികാ‍രമുണ്ടോ?

മന്ത്രിപു: പിന്നെ...മന്ത്രിക്കേ അധികാരമുള്ളൂ.. സ്ത്രീകള്‍ക്ക് അവിടെ എങ്ങിനെയും പ്രവേശനം സാധ്യമാക്കും.അങ്ങനെ വേറൊരു ക്ഷേത്രപ്രവേശന വിളംബരം കൂടി കേരള ചരിത്രത്തിലുണ്ടാകും !!!

പത്രപ്ര: ഹൊ..അങ്ങനെ താങ്കളുമൊരു സാമൂഹ്യപരിഷ്കര്‍ത്താവായി അറിയപ്പെടും, അല്ലെ ?

മന്ത്രിപു: അതെ...

പത്രപ്ര: ശരിക്കും താങ്കള്‍ ദൈവത്തിലൊക്കെ വിശ്വസിക്കുന്നുണ്ടൊ?

മന്ത്രിപു: എയ് എവിടന്ന്...ഞങ്ങള്‍ പാരമ്പര്യമായി കടുത്ത നിരീശ്വരവാദികളാണ്.
പിന്നെ ഞങ്ങടെ പാര്‍ട്ടിക്കും ആ പാരമ്പര്യം ഇല്ല....

പത്രപ്ര: അതുശരി....

മന്തിപു: പിന്നെ അതുകൂടാതെ ക്ഷേത്ര നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള പലകാര്യങ്ങളിലും കയറി ഇടപെടാനും ഒരു ആലോചനയുണ്ട്. പൂജാ സമയങ്ങളിലെ മാറ്റങ്ങള്‍, ക്ഷേത്രങ്ങളും ടൂറിസം ഡിപ്പാര്‍ട്ടുമെന്റുമായി യോജിച്ചുള്ള പ്രവര്‍ത്തനം എന്നിവ അതില്‍ ചിലതാണ്.

കൂടാതെ നല്ല വരുമാനമുള്ള ക്ഷേത്രങ്ങളിലെ ദര്‍ശന സമയം കൂട്ടാനും വേണ്ടിവന്നാല്‍ 24*7 അടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കാനും ഒരു പ്ലാനുണ്ട്.

പത്രപ്ര: അതൊക്കെ വളരെ നല്ല പ്ലാനുകള്‍ തന്നെ..പക്ഷെ ഇതൊക്കെ നടപ്പിലാക്കാന്‍ കാലതാമസം എടുക്കില്ലെ സര്‍.അപ്പോളേക്കും ഭരണകാലാവധി കഴിഞ്ഞുപോയാലൊ?

മന്തിപു: കാലതാമസമുണ്ടാവാം....ഭരണകാലാവധി കഴിഞ്ഞാലും സാരമില്ല, അടുത്തതവണ അധികാരത്തില്‍ വരുമ്പൊ പൂര്‍ത്തിയാക്കാം.

പത്രപ്ര: അടുത്ത തവണ അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ താങ്കള്‍ക്ക് നല്ല ആത്മവിശ്വാസമുണ്ടെന്നു തോന്നുന്നല്ലൊ?

മന്തിപു: ദൈവം സഹായിച്ചാല്‍ അടുത്തതവണയും അധികാരത്തില്‍ വരാം,മന്ത്രിയുമാകാം. അല്ലാതെന്തു പറയാനാടൊ. ഇതൊന്നും നമ്മുടെ കയ്യിലല്ലല്ലൊ.

പത്രപ്ര: അതു ശരി.അങ്ങനെയാണല്ലെ കാര്യങ്ങളുടെ കിടപ്പ്. എന്തായാലും ഇങ്ങനെ ഒരു ചെറിയ അഭിമുഖത്തിനായി താങ്കളുടെ വിലയേറിയ സമയം നീക്കിവച്ചതിന് നന്ദി സര്‍. എങ്കില്‍ ഞാനിറങ്ങട്ടെ.
താങ്കള്‍ക്ക് അടുത്തതിരഞ്ഞെടുപ്പിലും വിജയിക്കാനും അങ്ങനെ കേരളജനതയെ മൊത്തം ഉദ്ധരിക്കാനുമുള്ള ഭാഗ്യമുണ്ടാവട്ടെ.

അങ്ങയെ ദൈവം രക്ഷിക്കും!!

മന്ത്രിപു: നന്ദി ,നിങ്ങളെയും ദൈവം രക്ഷിക്കട്ടെ (ജനങ്ങളെയും) !!!

7 comments:

നന്ദു said...

ഘടോല്‍ക്കജന്‍:) ഹേയ്, ഇങ്ങിനെയൊന്നും പറയല്ലെ? ദേവസ്വം മന്ത്രിയും സര്‍ക്കാരുമൊക്കെ ക്ഷേത്രങ്ങളെ സംരക്ഷിക്കാനുള്ളതല്ലെ.? അല്ലാതെ തകര്‍ക്കാനുള്ളതാണോ? അങ്ങനെ വല്ലതും താങ്കളുടേ മനസ്സില്‍ കയറിക്കൂടീയിട്ടൂണ്ടെങ്കില്‍ ബ്ലോഗിലെ വിവരം ഉള്ളവര്‍ പറയുന്നത് ദാ ഇവിടെ ചെന്ന് വായിക്കൂ!! വിവരമുള്ളവര്‍ പറയുന്ന കമന്റുകള്‍ മനസ്സിലാക്കി പഠിക്കൂ!!

ബാബുരാജ് ഭഗവതി said...

സുഹൃത്തേ......
തങ്കളുടെ ആലോചനകളില്‍ നിരവധി മുന്‍ വിധികളുണ്ടെന്നു തോനുന്നു.

ഘടോല്‍കചന്‍ said...

നന്ദു മാഷെ ,ആ പോസ്റ്റ് ഞാന്‍ വായിച്ചിരുന്നു.പക്ഷെ ഇത്രയും കമന്റുകള്‍ വന്നു എന്ന് ഇപ്പോഴാണ് കണ്ടത്. അതെയതെ ,മന്ത്രിയും സര്‍ക്കാരുമൊക്കെ സംരക്ഷിക്കാന്‍ തന്നെയാണ്.
എനിക്കൊരു സംശയവുമില്ല.
സംരക്ഷിച്ചോട്ടെ നന്നായിട്ട് സംരക്ഷിച്ചോട്ടെ.. :)

ബാബുരാജ് മാഷെ,മുന്‍വിധികളല്ല ജനത്തിന്റെ വിധി.

siva // ശിവ said...

[മന്തിപു: ദൈവം സഹായിച്ചാല്‍ അടുത്തതവണയും അധികാരത്തില്‍ വരാം,മന്ത്രിയുമാകാം. അല്ലാതെന്തു പറയാനാടൊ. ഇതൊന്നും നമ്മുടെ കയ്യിലല്ലല്ലൊ.

മന്ത്രിപു: നന്ദി ,നിങ്ങളെയും ദൈവം രക്ഷിക്കട്ടെ (ജനങ്ങളെയും) !!!]

കുറുക്കന്‍ കൂവുന്നത് കണ്ടോ....

പ്രവീണ്‍ ചമ്പക്കര said...

ഘടോല്‍ക്കജന്‍.... നല്ല അഭിമുഖം... പിന്നെ ഒരു സംശയം..കൊഞാണന്‍, വട്ടന്‍, ഇങനെ ഉള്ള പദങ്ങള്‍...തന്ത്രി, നായര്‍,ബ്രാമണര്‍ ഇവരെ ഒന്നും തെറി വിളിച്ചും കണ്ടില്ല...അപ്പൊ അഭിമുഖം നമ്മുടെ ദ്വേവസ്വം മന്തിപു (മന്തിപുംഗവന്‍ എന്നതിന്റെ ചുരുക്കം)ആയിട്ട് അല്ലാരുന്നോ?

ഘടോല്‍കചന്‍ said...

പ്രവീണ്‍ മാഷേ, മന്ത്രിപുംഗവന്‍ ,താങ്കളുദ്ദേശിച്ച ആളുതന്നെ. അദ്ദേഹത്തിന്റെ തിരുവായില്‍ നിന്നു പൊഴിയുന്നതതുപോലെതന്നെ എങ്ങനാ എഴുതിപ്പിടിപ്പിക്കുക.... നമ്മള്‍ക്കുമില്ലെ അല്പം ഉളുപ്പ്..... :)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

" വേണ്ടിവന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളിലെ ദൈവങ്ങളെ വരെ ഞാന്‍ പിരിച്ചുവിടും.. എന്നിട്ടു PSC വഴി പുതിയ നിയമനം നടത്തും. "

ചോദ്യക്കടലാസ് ലീക്കായിക്കിട്ടിയാ നമ്മുടെ സന്തോഷ് മാധവേട്ടനും ടീംസും രക്ഷപ്പെട്ടാരുന്നു. ഈ പിന്‍വാതില്‍ നിയമനം നടത്തി ദൈവങ്ങളായതോണ്ടല്ലേ പാവം അവരെ ക്രൂശിക്കുന്നേ?