Thursday, July 30, 2009

കേരളരാഷ്ട്രീയം ഉരുണ്ടതാണെന്നു തെളിയിക്കാനുള്ള ശ്രമം !



ഡേയ്...... ഭൂമി ഉരുണ്ടതാണെന്നു തെളിയിച്ചതാരാണെന്നറിയാമോ?

അത്... അണ്ണാ.... ഏതൊ ഒരു എല്ലനല്ലെ?

ഏതോ ഒരെല്ലനല്ലടെ മെഗല്ലന്‍.....

ഓ അതു ശരി ... പക്ഷെ അതിപ്പൊ ഇവിടെപ്പറയണ്ട കാര്യം?

അതായത്.... പണ്ടീ മെഗല്ലന്‍ ഒരു കപ്പലും പിടിച്ചു കടല്‍ മാര്‍ഗ്ഗം ലോകം ചുറ്റാനിറങ്ങി. എന്നിട്ട് തുടങ്ങിയടത്തുതന്നെ തിരിച്ചെത്തിയിട്ട് ഭൂമി ഉരുണ്ടതാണെന്നു വിളിച്ചു പറഞ്ഞു. അതുവരെ ഭൂമി പരന്നതാന്നും നെരന്നതാന്നും ഒക്കെ വിശ്വസിച്ചിരുന്നവര്‍ക്ക് അതു ഭയങ്കര അത്‍ഭുതമായി.
അതുപോലെ ഇതാ ഒരഭിനവ മെഗല്ലന്‍ കേരളരാഷ്ടീയം ഉരുണ്ടതാണെന്നു തെളിയിക്കാനായി ഒരു കപ്പലും കൊണ്ടു പുറപ്പെട്ടിട്ട് കുറെനാളായി.

അതേത് മെഗല്ലനണ്ണാ?

എല്ലാര്‍ക്കുമറിയാവുന്ന ആളു തന്നെടെ...
ആളു പണ്ട് പേരുകേട്ട കപ്പിത്താനായ അച്ഛനൊപ്പം INC തുറമുഖത്താരുന്നു വ്യാവാരം.
അവിടെ വ്യാവാരം നടത്തി നടത്തി തുറമുഖം മുടിപ്പിക്കുമെന്നായപ്പൊ, അവിടുത്തുകാരു പതുക്കെ ചവിട്ടാനും കുത്താനും തുടങ്ങി.
അപ്പൊ അച്ഛനും മോനും കൂടെ ഒരു മണ്ണുമാന്തി കപ്പലും എടുത്ത് കടല്‍മാര്‍ഗ്ഗം സ്വന്തമായുണ്ടാക്കിയ DIC തുറമുഖത്തേക്കു വച്ചു പിടിച്ചു. അവിടെ സ്വന്തമായി വ്യാവാരം തൊടങ്ങി.

ആദ്യം ഇടതുവശം ചേര്‍ന്ന് കപ്പലോടിച്ചു നോക്കി.. ആദ്യമൊക്കെ ഇടതു തീരത്തൊള്ളൊരു ചിരിച്ചു കാണിച്ചു. അല്പം സാധനങ്ങളോക്കെ ചില്ലറ മാര്‍ക്കറ്റില്‍ വിറ്റുപോയി. അപ്പപ്പിന്നെ ചില്ലറ വില്പനമതിയാക്കി മൊത്തവ്യാപാരം തൊടങ്ങാമെന്നു വിചാരിച്ചു . അപ്പൊ ഇടതു തീരത്തൊള്ളോരു മുഖം കറുപ്പിച്ചു. മേലാല്‍ ഇടതുവശം ചേര്‍ത്ത് കപ്പലോടിച്ചാല്‍ മുട്ടുകാലു തല്ലിയൊടിക്കുമെന്നു പറഞ്ഞു.

അതൊള്ളതാ അണ്ണാ അവന്മാരു പറഞ്ഞാ പറഞ്ഞപോലെ ചെയ്തുകളയും!!!

അങ്ങനെ ആ സ്ഥലമുപേക്ഷിച്ചു ... പിന്നെ NCP തുറമുഖത്തേക്കായി യാത്ര. അവരുടെ കൂടെക്കൂടി പുതിയ ബിസിനസ് തുടങ്ങി.
മണ്ണുമാന്തി കപ്പലുവെച്ച് മാന്തി മാന്തി തുറമുഖം മുങ്ങുമെന്നായപ്പൊ അച്ഛന്‍ പതുക്കെ വലിയാന്‍ തീ‍രുമാനിച്ചു.
മോന്‍ പറഞ്ഞു നോക്കി അച്ഛാ നമുക്ക് ഈ കപ്പലും കൊണ്ട് കുറച്ചുനാള്‍ കൂടി ചുറ്റിസഞ്ചരിച്ച് ഇതിലും മെച്ചപ്പെട്ട ബിസിനസു വല്ലതും കിട്ടുമോന്നു നോക്കാം.

അച്ഛനാരാ മോന്‍! പുള്ളി പറഞ്ഞു ,അതൊക്കെ നീ ഒറ്റക്കു ചുറ്റിനടന്നു കണ്ടുപിടിച്ചാമതി.ഞാന്‍ ഇപ്പൊ തല്ക്കാലം പഴയ ബിസിനസ് തന്നെ ചെയ്യാന്‍ പൊവാ.
എന്നുമ്പറഞ്ഞ് മൂപ്പില്‍സ് ഒരു ചെറിയ ലൈഫ് ബോട്ടിറക്കി, അതിക്കേറി പഴയ INC തുറമുഖത്തേക്കു വച്ചുപിടിച്ചു. വഴിക്ക് മുടിഞ്ഞ കാറും കോളും ഉണ്ടായി, മഴ, മിന്നല്‍ ,ഇടി, സുനാമി ഒക്കെയുണ്ടായി. പക്ഷെ അതിനൊന്നും ആ തൊലിക്കട്ടിയെ അതിജീവിക്കാനുള്ള കരുത്തുണ്ടായിരുന്നില്ല്ല.

അവസാനം മൂപ്പു പഴയ തീരത്തണഞ്ഞു. വല്ല്യ പ്രശ്നമൊന്നുമില്ലാതെ കാര്യങ്ങള്‍ നടന്നുപോയി. അങ്ങേരപ്പോഴും കടലില്‍ മുങ്ങാറായ NCP തുറമുഖത്തു കപ്പലില്‍ വട്ടം ചുറ്റുന്ന മകനെക്കുറിച്ചോര്‍ത്തു ദുഖിച്ചു.

മകന്റെ കപ്പലടുപ്പിക്കാനുള്ള ഇടം ദിവസവും തന്റെ തീരത്തു നോക്കി വച്ച് , ഒരു ദിവസം അവനൊരു വലിയ കപ്പലുമായി ഒരു നാണവുമില്ലാതെ അവിടെ വന്നടുക്കുന്നതും സ്വപനം കണ്ടു നടന്നു.

മകന്‍ കപ്പലുമായി ചെറുതും വലുതുമായ പല തുറമുഖങ്ങളിലും ചെന്നു നൊക്കിയെങ്കിലും മണ്ണുമാന്തിക്കപ്പലാ‍യതിനാല്‍ ആരുമതിനെ അടുപ്പിക്കാന്‍ കൂട്ടാക്കിയില്ല. സ്വന്തം അടിത്തറയെക്കുറിച്ച് എല്ലാര്‍ക്കും ഭയമുണ്ടായിരുന്നു എന്നു വേണം കരുതാന്‍.
മകന്‍ ദുഖിച്ചു .......അച്ഛന്‍ പ്രാര്‍ത്ഥിച്ചു.... ഒരു രക്ഷയുമില്ല...........

അവസാനം മകന്‍ ആ തീരുമാനമെടുത്തു... അതെ ഒരഭിനവ മെഗല്ലനാകുക തന്നെ.... ലോകം ചുറ്റിസഞ്ചരിച്ച് പഴയ തീരത്തു തന്നെ എത്തുക. അങ്ങനെ ചരിത്രത്തിലിടം തേടുക.

അല്ലണ്ണാ .... ഇവന്മാര്‍ക്കും ചരിത്രമൊ???
ചുമ്മാ ജാഡക്ക് ... കെടക്കട്ടെ......!!!
ഓ അങ്ങനെ ... കെടന്നോട്ടെ......

മകന്‍ കപ്പലൊന്നു കഴുകി , തൊരണമൊക്കെക്കെട്ടി മോടിപിടിപ്പിച്ചു, നല്ല സഫാരി സ്യൂട്ടൊക്കെ ധരിച്ചു. എന്നിട്ട് മണ്ണുമാന്തിയുമായി മെല്ലെ ഇറങ്ങി .

അതിന്റെ പാര്‍ശ്വഫലങ്ങള്‍ തീരത്തു അനുഭവപ്പെടാന്‍ തുടങ്ങി. പേമാരി , വെള്ളപ്പൊക്കം, ഉരുള്‍ പൊട്ടല്‍ അങ്ങനെ പലതും. അച്ഛനെപ്പോലെ തൊലിക്കട്ടി ഇല്ലാത്തതിനാല്‍ മകന്‍ ഇതൊക്കെക്കണ്ട് ഭയന്നു. കരക്കിരുന്ന് അപ്പന്‍ പ്രാര്‍ഥിച്ചു.

പക്ഷെ പ്രതീക്ഷക്കു വിപരീതമായി INC തുറമുഖക്കാരു വല്ല്യ താല്‍പ്പര്യമൊന്നും കാണിച്ചില്ല. മകന്‍ തുറമുഖത്തിനടുത്തെത്താറായി . കാറും കോളും കാരണം തുറമുഖത്തടുപ്പിക്കാതെ ദൂരെത്തന്നെ നിന്നു. കരക്കുനിന്നു സിഗ്നലൊന്നും കിട്ടുന്നില്ല. അല്പം കൂടി കാത്തിരിക്കാമെന്നു കരുതി. പക്ഷെ ആരും സിസ്നലു തരുന്നില്ല. കുറെ ദിവസമായി ചെക്കന്‍ കേരള രാഷ്ട്രീയം ഉരുണ്ടതാണെന്നു തെളിയിക്കുന്ന ചരിത്ര മുഹൂര്‍ത്തത്തിനടുത്തെത്തി നിക്കുന്നു. പക്ഷെ ഒരു പട്ടി പോലും തിരിഞ്ഞു നോക്കുന്നില്ല.

അപ്പൊഴാണ് ആ ഹൃദയഭേദകമായ ആ കാഴ്ച്ച അവന്‍ കണ്ടത് ഒരു പിണ്ടി ചെങ്ങാടം തുറമുഖത്തേക്കടുക്കുന്നു. അതില്‍ വെറും ഒറ്റത്തോര്‍ത്തുമുടുത്ത് തുഴയുന്ന ഒരാള്‍. കണ്ടാലെ അറിയാം ഏതൊ നല്ലനിലയില്‍ കഴിഞ്ഞിരുന്ന കുടുംബത്തിലെയാണ്. ഇപ്പൊ ഗതിയില്ലാതെ അലയുകയാണെന്നു തോന്നുന്നു പാവം. ആകെ ക്ഷീണിതനാണ്. ഒരു ‘ജനതയുടെ’ മൊത്തം ‘തള്ളു’ കൊണ്ടപോലത്തെ മുഖഭാവം. ചെങ്ങാടം തുറമുഖത്തടുപ്പിച്ച് അയാള്‍ മെല്ലെയിറങ്ങി ആ തുറമുഖത്തു കുത്തിയിരുന്നു.
അതാ അതിലും ഞെട്ടിക്കുന്ന മറ്റൊരു കാഴ്ച . ഒരുകൂട്ടം തുറമുഖ അധികാരികള്‍ ഓടിവരുന്നു. അയാളെ തൊഴിച്ചു പുറത്തിടുന്നതും പ്രതീക്ഷിച്ചു നിന്ന നമ്മുടെ മെഗല്ലനെ അമ്പരപ്പിച്ചുകൊണ്ട് അവര്‍ അയാളെ മാലയിട്ട് സ്വീകരിച്ചു, മാറിയുടുക്കാന്‍ ഡബിള്‍ മുണ്ടു കൊടുത്തു, ഇലയിട്ടിരുത്തി സദ്യ വിളമ്പി.

ഇതുകണ്ടു ഞെട്ടിയ മെഗല്ലന്‍ പറഞ്ഞു എനിക്കു തുറമുഖവും വേണ്ട ഒരു കുന്തവും വേണ്ടാ.. ഞാനീ നടുക്കടലില്‍ ഒറ്റക്കു നിക്കും . എന്നിട്ടു പത്തുമിനിറ്റു കഴിയുമ്പൊ തീരത്തോട്ടു വീണ്ടും നോക്കും ആരേലും വിളിക്കുന്നുണ്ടൊന്നു. രണ്ടു ചാലു മാറ്റി നങ്കൂരമിടും എന്നിട്ടു വീണ്ടും നോക്കും . പക്ഷെ തിരിഞ്ഞാരും ഇതുവരെ നോക്കിയിട്ടില്ലെന്നാണറിവ്.

നമുക്കും പ്രാര്‍ത്ഥിക്കമെടെ ആ പാവം മെഗല്ലനുവേണ്ടി. അദ്ദേഹത്തിന് കേരളരാഷ്ട്രീയം ഉരുണ്ടതാണെന്നു തെളിയിക്കാന്‍ കഴിയുമാറാകട്ടെ.

അല്ലണ്ണാ എന്താന്നറിയില്ല എനിക്കീ കഥ കേക്കുമ്പൊ ഒരു പഴഞ്ചൊല്ലാണ് ഓര്‍മ്മ വരുന്നത്.

അതേതു പഴഞ്ചൊല്ല് ?

നാണമില്ലാത്തവന്റെ ആസനത്തില്‍ ആലു കിളുത്താ.....

ഡെയ് ...ഡെയ് ... വിടടെ വിടടെ... ഇതിനുമ്മാത്രം ആ പാവം ആലെന്തു പിഴച്ചു..........!!!


4 comments:

വികടശിരോമണി said...

ഓരോ കണ്ടുപിടുത്തങ്ങളേ!
ഉരുണ്ടിട്ടല്ലെങ്കിൽ തന്നെ,എവന്മാരൊക്കെ ചേർന്ന് ഉരുട്ടിയെടുക്കും.പക്ഷേ,ഈ പഴയ താരത്തെ ഇങ്ങനെ ഒരഗതിയായി കാണേണ്ടി വരും എന്നു കരുതിയില്ല.
നിരാധാരമായ ആ ജീവിതത്തിനു സ്വസ്തി!

john said...

വികടശിരോമണി പറഞ്ഞതു വളരെ ശരിയാ...... ഇവന്മാരെല്ലരുംകൂടെ ചേര്‍ന്ന് പാവം ജനങ്ങളെ ഉരുട്ടിപ്പിരട്ടിയെടുക്കും......

തൊലിക്കട്ടി സമ്മതിക്കണം :)

ajeeshmathew karukayil said...

നാണമില്ലാത്തവന്റെ ആസനത്തില്‍ ആലു കിളുത്താ..... u said it.

മുക്കുവന്‍ said...

ഇതിനുമ്മാത്രം ആ പാവം ആലെന്തു പിഴച്ചു..........!!!

ahaha... good one