Wednesday, August 19, 2009

ഫ്ലൂസ് ഓണ്‍ കണ്ട്രി....!!!



വൈവിധ്യങ്ങളുടെ കലവറയായ കേരളത്തില്‍ പനിസീസണ്‍ തുടങ്ങിയപ്പൊള്‍ അതിനും വൈവിധ്യമേറെ.
പരമ്പരാഗത പനികളായ എലിപ്പനി,മലമ്പനി,ഡെങ്കിപ്പനി പിന്നെ കഴിഞ്ഞവര്‍ഷം മുതല്‍ കാണാന്‍ തുടങ്ങിയ പകര്‍ച്ചപ്പനി,തക്കാളിപ്പനി,പക്ഷിപ്പനി ഒപ്പം ഇക്കൊല്ലം വന്ന പന്നിപ്പനി തുടങ്ങി ഒരു ഡസനോളം വിവിധ ഇനത്തില്‍ പെട്ട പനികള്‍.
സ്വകാര്യ ആശുപത്രിക്കാര്‍ക്കും,ഗവണ്മെന്റ് ഡോക്ടര്‍മ്മാര്‍ക്കും, മെഡിക്കല്‍ സ്ടോറുകാര്‍ക്കും,ലാബുകാര്‍ക്കുമൊക്കെ സന്തോഷിക്കാനിനി വേറെന്തു വേണം.

എന്നാല്‍ ഇവര്‍ക്കുമാത്രം ജീവിച്ചാല്‍ പോരല്ലൊ. അതുകൊണ്ടു തന്നെ എല്ലാവരും കാണുന്ന പോലേയല്ല ഈ പനികളെ കേരള വിനോദസഞ്ചാര വകുപ്പ് കാണുവാന്‍ പോകുന്നത്.

തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കൃത്യമായി വന്നുകൊണ്ട് ഈ പനി സീസണ്‍ കേരളത്തിന്റെ കാലാവസ്ഥാ ഭൂപടത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ഈ അവസരത്തില്‍ ‘ഗോഡ്സ് ഓണ്‍ കണ്ട്രി’ എന്ന ആപ്തവാക്യം മാറ്റി ഇനിമുതല്‍ ‍‘ഫ്ലൂസ് ഓണ്‍ കണ്ട്രി’ എന്നാക്കി വിനോദസഞ്ചാരികളെ ആകര്‍ഷിച്ച് നമ്മുടേ വിനോദസഞ്ചാര മേഖലക്ക് ഒരു പുതിയ മുഖം നല്കി പരിപോഷിപ്പിക്കാനാണ് വിനോദ സഞ്ചാര വകുപ്പിന്റെ തീരുമാനം.

വിദേശസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പോന്ന പുതിയതും പഴയതുമായ ഒരു പനി ശേഖരം തന്നെ നമ്മുടെ കയ്യില്‍ ഇപ്പോഴുണ്ട്. അതിനാല്‍ ഇതിന്റെ സാധ്യതകള്‍ പരമാവധി മുതലാക്കിക്കൊണ്ട് വിദേശസഞ്ചാരികള്‍ക്ക് ഈ പനികളെ അടുത്തറിയാനും, പകര്‍ത്താനും പിന്നെ അതിന്റെ കുളിരും ചൂരും അനുഭവിച്ചറിയാനുമുള്ള എല്ലാ സജ്ജീകരണങ്ങളും ചെയ്തുകൊണ്ടുള്ള ഒരു വ്യത്യസ്തമായ വികസനമാണ് സംസ്ഥാന വിനോദസഞ്ചാരവകുപ്പ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് എന്നറിയുന്നു.

ഈയിടെ രൂപംകൊണ്ട ‘അഖില കേരള പനിബാധിത സംഘ’വുമായി യൊജിച്ചു പ്രവര്‍ത്തിക്കാ‍നാണു തീരുമാനം.
എല്ലാ ജില്ലകളിലും ഇതിന്റെ ഭാഗമായി ‘ഫിവര്‍ ഫ്രണ്ട് ലി’ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ജില്ലാതലത്തിലുള്ള ഈ കേന്ദ്രങ്ങളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും പ്രവര്‍ത്തനം വിലയിരുത്താനും ഒരു ഉന്നതാധികാ‍ര സമിതിയെയും നിയോഗിക്കും.

ഇതുകൂടാതെ ഈ മേഖലയുടെ ഭാവിയിലെ വികസനത്തെ മുന്‍നിര്‍ത്തിക്കൊണ്ട് മറ്റുചില സംരംഭങ്ങള്‍ക്കുകൂടി തുടക്കം കുറിക്കാന്‍ പദ്ധതിയുണ്ട്. ഇപ്പോഴുള്ള പനികള്‍ക്കൊപ്പം തദ്ദേശിയമായി കൂടുതല്‍ ഇനം പനികള്‍ വികസിപ്പിച്ചെടുക്കുക എന്നുള്ളത് ഇതിലൊരു സംരംഭമാണ്. ഇതിനായി സംസ്ഥാനത്തെ തിരഞ്ഞെടുത്ത മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള വിദദ്ധസംഘത്തിന്റെ സേവനം ഉപയോഗപ്പെടുത്തും.

ഒരു പുതിയ ഇനം പനി പടരണമെന്നുണ്ടെങ്കില്‍ വിദേശത്തുനിന്ന് ആരെങ്കിലും വരെണ്ട സ്ഥിതിവിശേഷമാണ് ഇന്നു നിലവിലുള്ളത്. ഇതുപൂര്‍ണ്ണമായും ഒഴിവാക്കി നമ്മുടെ സംസ്ഥാനത്തിനാവശ്യമായ പനി ഇവിടെത്തന്നെ വികസിപ്പിച്ചെടുക്കാനുള്ള യത്നത്തിന്റെ ഭാഗമായാണ് ‘ഫിവര്‍ ആന്‍ഡ് ഷിവര്‍’ എന്ന ഈ സംരഭത്തിനു സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്.

പുതിയതരം പനികളായ പട്ടിപ്പനി,എരുമപ്പനി,കോഴിപ്പനി,മാക്രിപ്പനി,ഉള്ളിപ്പനി എന്നിങ്ങനെ അരഡസനോളം പനികള്‍ തുടക്കത്തില്‍ വികസിപ്പിച്ചെടുക്കുകയും; ക്രമേണ ഇതു വര്‍ധിപ്പിച്ച് അഞ്ചുവര്‍ഷം കൊണ്ട് കേരളത്തെ പനിയുടെ കാര്യത്തില്‍ സ്വയം പര്യാപ്ത സംസ്ഥാനമാക്കുകയുമാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി പ്രഖ്യാപിച്ചു.

തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ പ്രശസ്ത കവി തഞ്ചാവൂര്‍ തങ്കപ്പന്റെ പുതിയ കവിതാസമാഹരമായ ‘പനിക്കുന്നവന്റെ വികാരം’ ത്തിന്റെ പ്രകാശനച്ചടങ്ങുകളില്‍ പങ്കെടുത്ത് സംസാരിക്കുകയാരുന്നു ആരോഗ്യമന്ത്രി .


കഴിഞ്ഞ വര്‍ഷം പകര്‍ച്ചപ്പനിരംഗത്ത് മികച്ച പ്രകടനം കാഴ്ച്ചവെച്ച പത്തനംതിട്ട,ആലപ്പുഴ ജില്ലകളെ മാതൃകാ ജില്ലകളായി പ്രഖ്യാപിക്കും.
അങ്ങനെ ഇത്തരം കാലാനുശ്രിതമായ മാറ്റങ്ങളോടുകൂടിയ പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നതോടെ
കേരളം വിനോദസഞ്ചാര രംഗത്തും, ആരോഗ്യ രംഗത്തും വമ്പന്‍ കുതിച്ചു ചാട്ടത്തിനാണൊരുങ്ങുന്നത്....പിടിച്ചിരുന്നോളുക!!! അല്ലെങ്കില്‍ തെറിച്ചു പോയെന്നുവരും!!!


4 comments:

chithrakaran:ചിത്രകാരന്‍ said...

ഘടോല്‍..ക്കജാ,
(പേരില്‍ എന്തൊരു കുണ്ടും കുഴിയുമാണിഷ്ട:)

മഴക്കാലത്തെ നമുക്ക് പനിക്കാലം എന്ന് പേരു മാറ്റി വിളിക്കാം. പനി ടൂറിസം പോടിപൊടിക്കട്ടെ !

കണ്ണനുണ്ണി said...

എന്റെ കേരളം...എത്ര സുന്ദരം...

വികടശിരോമണി said...

പഴയ ഒരു ഗവിതയുണ്ട്:
“വരാം വരാം സഖീ,
തരാം നിനക്കു ഞാൻ
ഉടൽ വിറച്ചുപോം
പനിച്ചൊരുക്കുകൾ”
കേരളത്തിലെ കാമുകന്മാർ ആ കവിത പഠിക്കേണ്ട കാലമിപ്പോഴാണ് വന്നതെന്നു തോന്നുന്നു.

അരുണ്‍ കരിമുട്ടം said...

ദൈവത്തിന്‍റെ സ്വന്തം രാജ്യം:)